---
title: " #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം"
english_title: "#Police are #investigating the #murder of an #elderly #woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194684/police-are-investigating-the-murder-of-an-elderly-woman"
published_at: "2024-03-27T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66036606e20cc_police.jpg"
keywords: []
---

#  #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

> **Lead Summary:** കോതമംഗലം : ചേലാട്‌ കള്ളാട്‌ വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം.

## Article Content

കോതമംഗലം : ചേലാട്‌ കള്ളാട്‌ വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം.

ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ (72) തിങ്കളാഴ്‌ചയാണ്‌ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമികവിവരം.

കഴുത്തിന്റെ ഇടതുവശത്ത് 12 സെന്റീമീറ്റർ നീളത്തിലും രണ്ടു സെന്റീമീറ്റർ ആഴത്തിലുമുള്ള മുറിവുണ്ട്‌. ചെവിക്കുസമീപത്തും പിൻകഴുത്തിലും കൈകളിലുമായി വലുതും ചെറുതുമായി 11 മുറിവുകളും വീണതിന്റെ ചതവുമുണ്ട്. ധരിച്ചിരുന്ന മാലയും വളകളുമായി എട്ട്‌ പവൻ കവർന്നു.

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന് ഉറപ്പിക്കാനായിട്ടില്ല. മൂവാറ്റുപുഴ ഡിവൈഎസ്‌പി എ ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ്‌ അന്വേഷിക്കുന്നത്‌.

വീടിനോടുചേർന്ന് വാടകയ്ക്ക് താമസിക്കുന്ന മൂന്ന് അതിഥിത്തൊഴിലാളികൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉൾപ്പെടെ 50ഓളം പേരെ ചോദ്യംചെയ്തു.

സമീപകാലത്ത് വീട്ടിൽ വന്നുപോയവരെക്കുറിച്ചും നാട്ടിൽ എത്തിയ അപരിചിതരുടെ വിവരങ്ങളും സിസിടിവി കാമറ ദൃശ്യങ്ങളും ശേഖരിച്ചുവരികയാണ്. മികച്ച ടീമിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചതായും റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ബുധൻ പകൽ മൂന്നിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയപള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194684/police-are-investigating-the-murder-of-an-elderly-woman)