കൊച്ചി : (piravomnews.in) നന്മഗ്രാമം പദ്ധതിയിലൂടെ മുഖംമാറി കരുമാല്ലൂർ മാമ്പ്ര നാലുസെന്റ് കോളനി. സമഗ്രനവീകരണ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം വ്യവസായമന്ത്രി പി രാജീവ് നടത്തി.

മന്ത്രി പി രാജീവ് ആവിഷ്കരിച്ച് നടപ്പാക്കിയ "നന്മഗ്രാമം' പദ്ധതിയിലൂടെ ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കരുമാല്ലൂർ പഞ്ചായത്തിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായിരുന്ന മാമ്പ്ര നാലുസെന്റ് കോളനിയിൽ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയായത്.
കോളനിയിലെ 42 കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുംവിധമാണ് പദ്ധതി നടപ്പാക്കിയത്. കോളനിയിൽ ഭവനരഹിതരായുണ്ടായിരുന്ന രണ്ട് കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിച്ച് നൽകി. 29 വീടുകളിൽ പുതിയ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചു. നാല് വീടുകളിൽ പുതിയ ശുചിമുറി സ്ഥാപിച്ചു.
24 വീടുകളുടെ ശുചിമുറികൾ നവീകരിച്ചു. 39 വീടുകൾക്ക് പ്ലംബിങ്, ഫിൽറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തി, 29 വീടുകളിൽ ഇഷ്ടിക വിരിക്കലും പ്ലാസ്റ്ററിങ്ങും നടത്തി. റോഡുകൾ കോൺക്രീറ്റ് ചെയ്തു. പ്രളയസാധ്യത ഒഴിവാക്കാനായി മാമ്പ്ര തോട് 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ആഴം കൂട്ടി വൃത്തിയാക്കുകയും ചെയ്തു.
കൊച്ചിൻ ഷിപ്‌യാർഡ്, സിയാൽ, പ്രവാസിസംഘടനയായ അല എന്നിവയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ്, സിഡിഡി എന്നിവയും നിർവഹണത്തിൽ പങ്കാളികളായി.പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങിൽ കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സംസാരിച്ചു.
#Karumallur #Mambra Nalucent #Colony #disguised through #Nanmagramam #project
