---
title: " #Sabarimala | ശബരിമലയിൽ ദർശനസമയം നീട്ടി"
english_title: "#Darshan #time #extended at #Sabarimala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168289/darshan-time-extended-at-sabarimala"
published_at: "2023-12-10T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575d555d0f90_sabarimala.jpg"
keywords: []
---

#  #Sabarimala | ശബരിമലയിൽ ദർശനസമയം നീട്ടി

> **Lead Summary:** **പത്തനംതിട്ട : ** ശബരിമലയിൽ ദർശനസമയം നീട്ടി. ദേവസ്വം ബോർഡും തന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമയം കൂട്ടാൻ ധാരണ.

## Article Content

**പത്തനംതിട്ട : ** ശബരിമലയിൽ ദർശനസമയം നീട്ടി. ദേവസ്വം ബോർഡും തന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമയം കൂട്ടാൻ ധാരണ.

ഉച്ചയ്ക്ക്ശേഷം ഒരു മണിക്കൂർ കൂടി നീട്ടിയാണ് ദർശനസമയം കൂട്ടിയത്. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട രാത്രി 11ന് അടയ്ക്കും. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻദേവസ്വം ബോർഡ് തീരുമാനിച്ചത്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചിരുന്നു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.

തിരക്ക് കണക്കിലെടുത്ത് ദർശന സമയം കൂട്ടാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദർശന സമയം കൂട്ടാനുള്ള നീക്കം. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു. തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി തുറന്ന് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി. ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ദർശനത്തിനായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168289/darshan-time-extended-at-sabarimala)