കൂത്താട്ടുകുളം : (piravomnews.in) കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം തകരാറിൽ. ഡിപ്പോയിൽ നാളുകളായി ദിവസവും 6 സർവീസാണ് മുടങ്ങുന്നത്.

കണ്ടക്ടർമാരുടെ എണ്ണക്കുറവും ആവശ്യത്തിനു ബസുകളില്ലാത്തതുമാണു പ്രതിസന്ധിക്കു കാരണം. കോട്ടയത്തേക്കു രാവിലെ 7നും 8നും 8.40നുമുള്ള സർവീസും രാവിലെ 7.30നുള്ള ഫോർട്ട്കൊച്ചി, എറണാകുളം സർവീസും 9നുള്ള വൈറ്റില സർവീസുമാണു നാളുകളായി മുടങ്ങുന്നത്. 10,000 രൂപയോളം കലക്‌ഷനുള്ള സർവീസുകളാണ് ഇവയെല്ലാം.
രാവിലെയുള്ള സർവീസുകളായതിനാൽ ജോലിക്കു പോകുന്ന സ്ഥിരം യാത്രക്കാരാണു വലയുന്നത്. പലരും ഡിപ്പോയിൽ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.19 ഓർഡിനറിയും 4 ഫാസ്റ്റും ഉൾപ്പെടെ 24 ബസാണ് ഇവിടെയുള്ളത്.
ഇതിൽ 6 ഓർഡിനറി ബസ് തകരാറിലാണ്. 4 ബസ് മൂവാറ്റുപുഴയിലും 2 എണ്ണം കൂത്താട്ടുകുളത്തെ വർക്‌ഷോപ്പിലുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ബസുകളുടെ തകരാർ പരിഹരിക്കുമെന്നു കൺട്രോളിങ് ഇൻസ്പെക്ടർ കെ.ആർ. രോഹിണി പറഞ്ഞു. 52 കണ്ടക്ടർമാർ ഉളള ഡിപ്പോയിൽ 40 പേരാണ് ഇപ്പോൾ ഡ്യൂട്ടിക്കുള്ളത്. 3 പേർ ദീർഘ നാളത്തേക്ക് അവധിയിലാണ്.
12 കണ്ടക്ടർമാർ സ്ഥലംമാറി പോകുമ്പോൾ പകരം ഡിപ്പോയിലേക്കു വരുന്നത് 4 പേർ മാത്രമാണെന്ന് അധികൃതർ പറഞ്ഞു. ഈ സാഹചര്യം തുടർന്നാൽ ബസുകൾ തകരാർ പരിഹരിച്ചാലും കണ്ടക്ടർമാരുടെ കുറവു മൂലം സർവീസ് പുനരാരംഭിക്കാനാകില്ല.അധികൃതർ ഇടപെട്ടു യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
#Koothattukulam #KSRTC #Depot is out of order
