പിറവം : (piravomnews.in) പാഴൂർ തോടിന്റെ തകർന്നു വീണ സംരക്ഷണഭിത്തി നിർമാണം വൈകുന്നതോടെ നീരൊഴുക്കു തടസപ്പെടുമെന്ന പരാതിയുമായി കർഷകർ.

2വർഷം മുൻപു പാഴൂർ ആറ്റുതീരം റോഡിനു സമീപമാണു കരിങ്കൽ സംരക്ഷണഭിത്തി തകർന്നു തോട്ടിലേക്കു വീണത്.പാഴൂർ പാടശേഖരത്തിൽ നിന്നു പുഴയിലേക്കു തുറക്കുന്ന തോടാണിത്. പാടശേഖരത്തിന് അതിരിട്ട് ഒഴുകുന്ന തോട്ടിലൂടെയാണു കൃഷിയിടത്തിൽ നിന്നു അധിക ജലം ഒഴുകി പുഴയിലേക്കു ചേരുന്നത്.
തോടു കവിയുന്ന നിലയിൽ കരിങ്കല്ലു നിറഞ്ഞതോടെ ശക്തമായി മഴ പെയ്താൽ വെള്ളം ഒഴുകുന്നതിനു തടസ്സം നേരിടുമെന്നാണു കർഷകർ പറയുന്നത്.
നേരത്തെ നഗരസഭയുടെ നേതൃത്വത്തിൽ തോടിന്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ചെളി നീക്കുകയും കാടു തെളിക്കുകയും ചെയ്തിരുന്നു.
എന്നാൽ തകർന്ന ഭാഗം നവീകരിക്കുന്നത് അവഗണിക്കുകയായിരുന്നുവെന്നു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് സിംപിൾ തോമസ് പറഞ്ഞു. അറ്റകുറ്റപ്പണി വൈകിയാൽ സമീപത്തു കൂടി കടന്നു പോകുന്ന ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ സംരക്ഷണഭിത്തിയും തകരുമെന്ന ആശങ്ക ഉണ്ട്.
The #construction of the #collapsed #retaining wall of #Pazhoor #canal is #delayed
