ഇലഞ്ഞി : (piravomnews.in) പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണി, ജലജീവൻ മിഷൻ സമഗ്ര ശുദ്ധജല പദ്ധതി എന്നിവ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാൻ അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഇലഞ്ഞി പഞ്ചായത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പിഡബ്ല്യുഡിയിൽ അടച്ച 135.6 ലക്ഷം രൂപ ഗാരന്റിയായി കണക്കാക്കി ഇലഞ്ഞി– നെല്ലൂരുപാറ റോഡിൽ ജലജീവൻ മിഷന്റെ പൈപ്പിടാൻ അനുവദിക്കണമെന്നാണ് ജലഅതോറിറ്റിയുടെ ആവശ്യം.
സർക്കാർ നിർദേശം ലഭിച്ചാൽ മാത്രമേ തുടർനടപടി സ്വീകരിക്കാനാകൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ജലഅതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പുകളിൽ നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച സമയം സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ്.
അതിനകം പൈപ്പ് സ്ഥാപിച്ചില്ലെങ്കിൽ ജലജീവൻ മിഷൻ പദ്ധതി നീണ്ടു പോകും. മുത്തോലപുരം– ഇടയാർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ എംഎൽഎ നിർദേശം നൽകി.
#WaterAuthority to allow #pipe laying in #IlanjiPanchayat