കൊച്ചി : (piravomnews.in) വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് തയ്യാറെടുത്ത് എറണാകുളം ജനറൽ ആശുപത്രി.

കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ അനുമതി കഴിഞ്ഞദിവസം ലഭിച്ചതോടെ തിങ്കള്‍മുതൽ ശസ്‌ത്രക്രിയക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. ഒക്‌ടോബർ 15നാണ് ആദ്യ ശസ്‌ത്രക്രിയ നടത്താനിരിക്കുന്നതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു.
സൂപ്രണ്ടിന്റെ നേതൃത്വത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വി മധു എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയക്കുവേണ്ട സജ്ജീകരണം സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കുന്നത്.
മൂന്നു ജൂനിയർ റസിഡന്റുകള്‍, കാർഡിയോളജി വിഭാഗം മേധാവി എന്നിവര്‍ ശസ്‌ത്രക്രിയയില്‍ സഹായിക്കും. ജനറൽ ആശുപത്രിയിൽ ചികിത്സയിലും ഡയാലിസിസിലുമുള്ള രോഗികളിൽനിന്ന് വൃക്ക മാറ്റിവയ്‌ക്കാൻ അനുയോജ്യമായ ആരോഗ്യസ്ഥിതി ഉള്ളവരുടെ ക്രോസ് മാച്ചിങ് നടന്നുവരികയാണ്.
പുറത്തുനിന്നുള്ള രജിസ്‌ട്രേഷനുകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. രണ്ട് വിഭാഗത്തിൽനിന്നും അനുയോജ്യമായ രോഗിയെ കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. അഞ്ചുവർഷത്തേക്കാണ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താൻ നിയമപരമായ അനുവാദം ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്.
#Ernakulam #General #Hospital in #preparation for kidney #transplant #surgery
