കളമശേരി : (piravomnews.in) ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് കടകളില്‍നിന്ന് പണപ്പിരിവ് നടത്തിയയാൾ കളമശേരി പൊലീസിന്റെ പിടിയില്‍. പത്തനാപുരം പാതരിക്കല്‍ തച്ചന്‍കോട് പുത്തന്‍വീട്ടില്‍ താമസിക്കുന്ന പത്തനംതിട്ട കളഞ്ഞൂര്‍ സ്വദേശി മനു മുഹരാജാണ് (47) പിടിയിലായത്.

ഇടപ്പള്ളി ടോളിൽ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹോട്ടലില്‍ ബുധൻ രാത്രി ഒരു ടാക്സി കാറില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലിലെ അടുക്കളയിലും മറ്റും കയറി പരിശോധിച്ചു. അടുക്കള മോശമാണെന്നും കട പൂട്ടിക്കുമെന്നും ഉടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങി.
തുടർന്ന് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് ഇയാള്‍ സമീപത്തുള്ള റോയല്‍ സ്വീറ്റ്സ് ബേക്കറിയില്‍ എത്തി അവിടെനിന്ന് ടാക്സിയുടെ പണം കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ബേക്കറിയുടമ തിരിച്ചറിയൽരേഖ ആവശ്യപ്പെട്ടതോടെ പ്രതി കാറില്‍ക്കയറി രക്ഷപ്പെട്ടു.
തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കളമശേരി പൊലീസ് ഇയാളെ പത്തനാപുരത്തുവച്ച് പിടികൂടിയത്. വിവിധ ജില്ലകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കരയിൽ യുവതിയെ ആക്രമിച്ച കേസ് ഇയാളുടെ പേരില്‍ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
#Food #safety #officer #collected #money from Chamanji shops; accused #arrested
