മൂന്നാർ : (piravomnews.in) ഹോം മെയ്ഡ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത് വരുമാനം തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര സ്വദേശി പിടിയിൽ. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി പിടിയിലായ യുവാവ് വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തി.
മൂന്നാർ മേഖലയിൽ മാത്രം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ചോറ്റാനിക്കര ദർശന ഹൗസിൽ ബി.സബിൻരാജ് (32) എറണാകുളം സൗത്ത് പൊലീസ് ചാർജ് ചെയ്ത കേസിൽ അറസ്റ്റിലായത് ചൊവ്വാഴ്ച മൂന്നാറിൽ പരിശീലന ക്ലാസ് എടുക്കുന്നതിനിടയിലാണ്. ഇയാൾ പിടിയിലായതറിഞ്ഞ് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 35 പരാതികളാണ് ലഭിച്ചത്.
പരിശീലനം നൽകാൻ, വെബ്സൈറ്റ് ഉണ്ടാക്കാൻ, സാധനങ്ങൾ വാങ്ങിയെടുത്തത് തുടങ്ങി പല രീതിയിലാണ് ഇയാൾ ഓരോരുത്തരിൽ നിന്നും 25,000 മുതൽ രണ്ടു ലക്ഷം രൂപ വരെ തട്ടിയെടുത്തത്. കൂടാതെ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി യന്ത്രങ്ങൾ വാങ്ങിയ വകയിൽ 7 ലക്ഷം രൂപ വരെ നഷ്ടമായവരുമുണ്ട്. ഇയാൾ പിടിയിലായതോടെയാണ് തട്ടിപ്പിനിരയായ മൂന്നാർ സ്വദേശികൾ പരാതികളുമായെത്തിയത്.
ഇവിടെ മാത്രം ഇയാൾ 6 തവണ പരിശീലന ക്ലാസുകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ദേവികുളത്ത് നടന്ന പരിപാടിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സബ് കലക്ടറാണ്.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗത്ത് ഇന്ത്യയിൽ നിന്നുള്ള മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് സബിൻരാജ് എന്ന പോസ്റ്ററുകൾ ദേവികുളത്തെ പരിപാടികളിൽ പ്രദർശിപ്പിച്ചിരുന്നു. ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടികളുടെ തട്ടിപ്പാണ് വിവിധ ജില്ലകളിലായി ഇയാൾ നടത്തിയത്.
Income from export of home made products; #Chotanikara native #arrested for fraud