മുളന്തുരുത്തി..... വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിത പിറന്ന മുളന്തുരുത്തിയുടെ മണ്ണിൽ കവിയുടെയും കവിതയുടെയും സ്മാരകം സമർപ്പിച്ചു. സ്കൂൾ വളപ്പിലെ മാവിന്റെ പൂക്കുല കണ്ടാണ് അദ്ദേഹം മാമ്പഴം രചിച്ചത്. ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ് ജീവിതന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, അരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെ കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ "മാമ്പഴം" അത്തരത്തിലൊരു കഥയാണല്ലോ പറയുന്നത്. മാമ്പൂക്കുല ഒടിച്ചതിന് തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട് "മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല" എന്നു പറഞ്ഞ് "വാനവർക്കാരോമലായ്" പോയ മകനെ ഓർത്ത് “ അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ ” വായനക്കാരുടെയും കണ്ണീരാകുന്നത് കവിയുടെ ആശയങ്ങളുടെ പ്രസക്തിയും വിജയവും കാണിക്കുന്നു. മുളന്തുരുത്തി ഗവ. ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ, 1936ലാണ് വൈലോപ്പിള്ളി ‘മാമ്പഴം’ കവിത രചിച്ചത്

സ്മാരകം ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഗവ. എച്ച്എസ്എസിൽ നിർമിച്ച സ്മാരകം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകൾകൂടി ഉൾപ്പെടുത്തി പബ്ലിക് റഫറൻസ് ലൈബ്രറി സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം അധ്യക്ഷയായി. മാമ്പഴം കവിതയെ ആസ്പദമാക്കി സ്കൂൾ അങ്കണത്തിൽ ‘അമ്മയും കുഞ്ഞും’ എന്ന പ്രതീകാത്മക ശിൽപ്പം നിർമിച്ച ശിവദാസ് എടയ്ക്കാട്ടുവയലിനെ ആദരിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, സ്കൂൾ പ്രിൻസിപ്പൽ ജി ഉല്ലാസ്, എം ജെ ജോമി, റാണിക്കുട്ടി ജോർജ്, എൽദോ ടോം പോൾ, ശാരദ മോഹൻ, കെ വി അനിത, ദീപു കുഞ്ഞുകുട്ടി, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പ്രധാന അധ്യാപിക കെ കെ പ്രീതി, പിടിഎ പ്രസിഡന്റ് കെ എസ് സജീവ് തുടങ്ങിയവർ സംസാരിച്ചു
Memorial to Vailopilly and Mango Poem at Mulanthuruthi
