തൃപ്പൂണിത്തുറ.... തൃപ്പൂണിത്തുറ അത്തച്ചമയം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇക്കുറി സമുചിതമായി ആഘോഷിക്കും. കേരളത്തിലെ ഏക അത്തച്ചമയമാണ് തൃപ്പൂണിത്തുറയിലേത്. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം.1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരളാ ഗവൺമെന്റ് ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. രാജഭരണ കാലത്ത് അത്തച്ചമയത്തിനോട് ജനങ്ങൾക്ക് ഉണ്ടായിരുന്ന താൽപര്യം കണക്കാക്കി പൗരസമിതി അത്തച്ചമയം പുനരാരംഭിക്കുകയായിരുന്നു. 1961 ൽ ഇത് ജനകീയ അത്തച്ചമയമായി മാറി. അതേ വർഷം തന്നെ കേരളസർക്കാർ ഓണത്തെ സംസ്ഥാനോത്സവമായി പ്രഖ്യാപിച്ചു. മുൻപ് ഹിൽപാലസിൽ നടന്നിരുന്ന ചമയം ഇപ്പോൾ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തംനഗറിലെത്തുന്നു.
തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ് ഔദ്യോഗിക തുടക്കം. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ് ഇപ്പോൾ അത്തച്ചമയത്തിൽ കാണുന്നത്. സർക്കാർ വക ബോയ്സ് ഹൈസ്ക്കൂൾ അങ്കണത്തിലാണ് ഘോഷയാത്രയുടെ തുടക്കം. നാടൻകലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം, താലപ്പൊലി, ഉത്‌പ്ലവന കലാദൃശ്യങ്ങൾ (ഫ്‌ളോട്ടുകൾ), ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്. മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു

വലിയ ജനാരവം പ്രതീക്ഷിച്ച് വൻ സന്നാഹങ്ങളാണ് നഗരസഭ ഒരുക്കുന്നതെന്ന് അധ്യക്ഷ രമ സന്തോഷ് പറഞ്ഞു. 29 മുതൽ സെപ്‌തംബർ ഏഴുവരെയാണ് നഗരസഭ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ. കല–-സാഹിത്യ മത്സരങ്ങളുടെ ഉദ്‌ഘാടനം 29ന് വൈകിട്ട് നടക്കും. 30 മുതൽ ആഗസ്‌ത് 28 വരെയാണ് മത്സരങ്ങൾ. കല–-സാഹിത്യ മത്സരങ്ങളുടെ രജിസ്ട്രേഷൻ 25ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷാഫീസ് 50 രൂപ. ഓരോ ഇനത്തിനും അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം. അത്തംനാൾമുതൽ ലായം കൂത്തമ്പലത്തിൽ കലാപരിപാടികൾ നടക്കും. ഘോഷയാത്രയും മുൻകാലങ്ങളിലേതിനേക്കാൾ മോടിപിടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പഴയകാല അത്തച്ചമയത്തെ ഓർമിപ്പിച്ച് നകാരയും പല്ലക്കുമെല്ലാം നഗരസഭയിൽ എത്തിച്ചുകഴിഞ്ഞതായും നഗരസഭാധ്യക്ഷ പറഞ്ഞു. ഉപാധ്യക്ഷൻ കെ കെ പ്രദീപ്‌കുമാർ, ജനറൽ കൺവീനർ പി കെ പീതാംബരൻ, ഡി അർജുനൻ, യു കെ പീതാംബരൻ, കെ ടി അഖിൽദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tripunithura Atchachamayam will be celebrated properly this time after a gap of two years
