അടിമാലി... വേനല്‍ മഴയില്‍ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി. മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടികുടി ആദിവാസി കോളനി അംഗന്‍വാടിയിലെ അധ്യാപിക ആറാംമൈല്‍ പള്ളത്ത് ഷൈനി ബിജുവാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വീടണഞ്ഞത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മേഖലയില്‍ ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി നഷ്ടമായതോടെ പുറംലോകവുമായി ബന്ധപ്പെടാനും കഴിയാതായി. ചൊവ്വാഴ്ച പുലര്‍ച്ച ഭര്‍ത്താവ് ബിജു പുഴയുടെ മറുകരയിലെത്തി ഷൈനിയെ കണ്ടതോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്.

അംഗന്‍വാടിയിലെ ഹെല്‍പറുടെ കുടിലില്‍ കഴിഞ്ഞ ഷൈനി, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് പുഴയില്‍ വെള്ളം കുറഞ്ഞതോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. കള്ളക്കുട്ടികുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് തകര്‍ന്നത്. ഇതിനുശേഷം മുളയും ഈറ്റയും കമ്ബിയും ഉപയോഗിച്ച് താല്‍ക്കാലിക തൂക്കുപാലം നിര്‍മിച്ചാണ് ആദിവാസികള്‍ പുറംലോകത്ത് എത്തിയിരുന്നത്. കാലപ്പഴക്കത്താല്‍ ഈ പാലവും നശിച്ചതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ടു. മൂന്ന് കിലോമീറ്ററോളം നിബിഡ വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ കോളനിയില്‍ എത്താനാകൂ
The river was full and the Anganwadi teacher was trapped in the tribal village for a whole day
