തിരുവനന്തപുരം: (piravomnews.in) അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ.
നഗരൂർ നെടുംപറമ്പ് സ്വദേശിയും ആറ്റിങ്ങൽ ഗവണ്മെൻ്റ് ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂൾ അധ്യാപകനുമായ വി അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വി എസിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അനൂപ് വാട്‌സാപ്പിൽ അധിക്ഷിപിച്ച് സ്റ്റാറ്റസിടുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് പൊലീസ് നടപടി.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. വെൽഫെയർ പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീൻ അഹമ്മദ്. ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.
അതേസമയം പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഇരച്ചെത്തുന്നത്. രാവിലെ ഒമ്പതു മുതൽ ദർബാർ ഹാളിൽ നടന്ന പൊതുദർശനം രണ്ടോടെയാണ് അവസാനിച്ചത്. പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലേക്ക് ജനമൊഴുകി.
മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.ബസ് സഞ്ചരിക്കുന്ന വഴിയുടെ ഇരുവശവും പതിനായിരങ്ങളാണ് വി എസിനെ കാണാനായി അണിനിരന്നത്. കടന്നുപോകുന്ന വഴികളിലെല്ലാം മുദ്രാവാക്യം മുഴക്കിയാണ് പ്രിയ സഖാവിനെ ജനങ്ങൾ സ്വീകരിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമൊരുക്കിയിട്ടുണ്ട്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ ഒമ്പതു മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും.
ശേഷം 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദർശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.
Teacher in police custody for insulting VS post
