പഴയങ്ങാടി: (piravomnews.in) ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്ക്കൊപ്പം കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ഋഷിബ് രാജിന്റെ മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയ്‌ക്കാണ് വയലപ്ര സ്വദേശിനി എം വി റീമ (25) കുഞ്ഞിനെയെടുത്ത് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ റീമയുടെ സംസ്കാരം നടത്തി. ഇന്നലെ പുഴയിൽ ക്യാമറ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഋഷിബ് രാജിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇരിണാവിലെ ഭർത്താവ് കമൽരാജും അമ്മ പ്രേമയും റീമയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നതായും റീമയുടെ അച്ഛൻ മോഹനൻ പറഞ്ഞു. രണ്ട് വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് റീമ താമസിച്ചിരുന്നത്.
വിദേശത്തുനിന്ന് കഴിഞ്ഞ ദിവസമെത്തിയ കമൽരാജ്, കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഞായറാഴ്‌ച ചർച്ചചെയ്യാനിരുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് റീമ. രമയാണ് റീമയുടെ അമ്മ. സഹോദരി: രമ്യ.
Following Reema's funeral, her son's body was also found
