തിരുവനന്തപുരം : (piravomnews.in) ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തും.
ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സപ്ലൈകോ വില്‌പനശാലകളിൽ സബ്‌സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തി. ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
Supplyco to provide rice and coconut oil at cheaper prices during Onam
