പള്ളുരുത്തി : (piravomnews.in) കോടികൾ മുടക്കി നിർമിച്ച കച്ചേരിപ്പടി മോഡേൺ ഫിഷ് മാർക്കറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. 2013-ലാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കോർപറേഷന്റെ 50 സെന്റ് സ്ഥലത്തു രണ്ടര കോടി രൂപ ചെലവഴിച്ചു ഫ്രീസിങ് പ്ലാന്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ ഫിഷ് മാർക്കറ്റ് നിർമിക്കുന്നത്.
നിർമാണ ശേഷം മാർക്കറ്റ് കോർപറേഷന് കൈമാറുകയും കച്ചവടക്കാർക്ക് ടെൻഡർ ചെയ്തു നൽകുകയും ചെയ്തു.പക്ഷേ, മാർക്കറ്റിന്റെ പ്രവർത്തനം അധികകാലം നീണ്ടു പോയില്ല. പ്രധാന റോഡിൽ നിന്ന് 100 മീറ്ററിലേറെ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന മാർക്കറ്റിലേക്ക് ആളുകൾ എത്താതായതോടെ പ്രവർത്തനത്തെ ബാധിച്ചു.

കച്ചവടക്കാർ ഓരോന്നായി കൊഴിഞ്ഞു പോയതോടെ മാർക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. ഫിഷ് മാർക്കറ്റാണെങ്കിലും എല്ലാത്തരത്തിലുമുള്ള കച്ചവടക്കാരെ ഇവിടെ ഉൾക്കൊള്ളിക്കാനായിരുന്നു അധികൃതർ ലക്ഷ്യമിട്ടത്.
പള്ളുരുത്തിയിലെ മാർക്കറ്റ് ഇവിടേക്ക് പറിച്ചു നടാനുള്ള പദ്ധതിയുമുണ്ടായിരുന്നു. എന്നാലിതൊന്നും നടക്കാതെ വന്നതാണ് പ്രശ്നമായത്. ഇരുട്ട് വീണാൽ ഇപ്പോഴിവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. മാത്രമല്ല, കോർപറേഷന്റെ മാലിന്യങ്ങൾ ശേഖരിച്ചു എത്തിക്കുന്ന പോയിന്റായി ഇവിടം മാറിക്കഴിഞ്ഞു.
Fish market built at a cost of crores has stopped functioning
