ഇടുക്കി : (piravomnews.in) ചിന്നക്കനാലിലെ 301 കോളനിയിൽ വീടിനുമുന്നിലെത്തിയ കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി പരിക്കേറ്റു.
മറയൂര്‍കൂടി സ്വദേശി ആരോഗ്യരാജിന്റെ (51) വലതുകൈക്കാണ് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്.

കാട്ടാനക്കൂട്ടം വീടിനുമുന്നിലെത്തിയപ്പോള്‍ ആരോഗ്യരാജ് മണ്ണെണ്ണവിളക്കും പടക്കവുമായി പുറത്തിറങ്ങി. വീടിന്റെ തിണ്ണയില്‍നിന്ന് പടക്കം കത്തിച്ച് എറിയാന്‍ ശ്രമിക്കുമ്പോള്‍ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൈയിലെ ഒരു ഞരമ്പ് മുറിഞ്ഞതുകൊണ്ട് വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഭാര്യ രാജമ്മയും മകള്‍ രമ്യയും അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, പരിക്കേറ്റ ആരോഗ്യരാജിനെ ആര്‍ആര്‍ടി യൂണിറ്റിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
A middle-aged man was seriously injured when a firecracker he was holding exploded while trying to scare away wild elephants that had come to his house.
