വൈപ്പിൻ : (piravomnews.in) കോയമ്പത്തൂരിൽനിന്നെത്തി വളപ്പ് തീരത്ത് കുളിക്കാനിറങ്ങിയ ഒമ്പതംഗസംഘത്തിന് ഭാഷ പ്രശ്‌നമായിരുന്നു. അറബിയും ഇംഗ്ലീഷും മാത്രമാണ് അറിയുന്നത്.
ഇതിനാൽ കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും മറ്റ് സന്ദർശകരും അലറിവിളിച്ചിട്ടും ഇവർക്ക് ഒന്നും മനസ്സിലായില്ല.കടൽ പ്രക്ഷുബ്ധമായിരുന്നു. തീരത്ത് തുടക്കത്തിൽ മണലും പിന്നീട് കുഴികളുമാണ്. വീണ്ടും മണൽത്തിട്ടയുണ്ട്. കുളിച്ചിരുന്നവരിൽ രണ്ടുപേർ അകലേക്ക് പോകുന്നത് കണ്ട് തീരത്തുണ്ടായിരുന്നവർ ഒച്ചവച്ചെങ്കിലും ഭാഷ അറിയാത്തതിനാൽ വിദ്യാർഥികൾക്ക് മനസ്സിലായില്ല.

മുങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ തീരത്തുണ്ടായിരുന്ന ബോയകൾ കടലിലേക്ക് എറിഞ്ഞെങ്കിലും അതിൽ പിടിക്കാനും കഴിഞ്ഞില്ല.ഈ തീരത്ത് ഇതിനകം നിരവധി സന്ദർശകരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.അപകടമുന്നറിയിപ്പ് നൽകുന്ന ബോർഡുണ്ടെങ്കിലും അതാരും ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കടലോര ജാഗ്രതാസമിതി അംഗങ്ങൾ നിർദേശം നൽകാറുണ്ടെങ്കിലും യൂണിഫോമിലല്ലാത്തതിനാൽ സന്ദർശകർ ഗൗരവമായെടുക്കാറില്ലെന്ന് സമിതി കോ–-ഓർഡിനേറ്റർ പി കെ ബാബു പറഞ്ഞു.അവധിദിവസങ്ങളിലാണ് കൂടുതൽ സന്ദർശകർ എത്തുന്നത്.
ആ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് സേവനം ചെയ്യാൻ തയ്യാറാണ്. വിസിലും യൂണിഫോമും ഏർപ്പെടുത്തിയാൽ കൂടുതൽ കാര്യക്ഷമമായി മുന്നറിയിപ്പ് നൽകാനാകുമെന്നും ബാബു പറഞ്ഞു.
Language was a problem; even after shouting, they didn't understand.
