തിരുവനന്തപുരം: (piravomnews.in) യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ആറിന് രാത്രി കടയ്ക്കാവൂര്‍ സ്വദേശിയെ തിനവിളയില്‍ നിന്നും ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ കൊണ്ട് വന്നു മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റ് സ്റ്റാന്‍ഡിന് പുറക് വശം കൊണ്ട് വന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്‍റെ മാലയും 25000 രൂപയും കവര്‍ന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്.
രാജു ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, കൂട്ടാകവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. 1990 മുതലുള്ള കാലയളവില്‍ 30 ഓളം കേസുകളില്‍ പ്രതിയായുള്ള രാജു സംഭവത്തിന് ശേഷം തൃശൂര്‍ ചാവക്കാട് ഒളിവില്‍ പോവുകയായിരുന്നു.
രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Called to a bar, offered alcohol, gave a lift, robbed of gold and money, 2 arrested
