ആലപ്പുഴ : ( piravomnews.in ) ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി. അമ്പലപ്പുഴ കരുമാടി പുത്തന്‍ചിറയില്‍ ധനീഷി(33)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ല്‍ വിളിച്ച് തന്നെ ഓച്ചിറ ലാംസി സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ് പറഞ്ഞു. ഉടന്‍തന്നെ കായംകുളം പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ അറിയിപ്പുലഭിച്ചു. പോലീസ് ഇവിടെയെത്തി പരിശോധന നടത്തി.
ലോഡ്ജിന്റെ ഷട്ടര്‍ അകത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണെന്നു മനസ്സിലായി. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു.
അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക് ഇയാളുടെ വിളിവന്നു. തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മറ്റൊരു ലോഡ്ജില്‍നിന്നു ധനീഷിനെ പോലീസ് പിടികൂടി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Man arrested for calling emergency number to evade police, claiming to be locked in lodge
