ഒരു ഡ്രൈവിങ് സ്‌കൂൾ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമാണ് KSRTC യുടെ ഡ്രൈവിങ് സ്‌കൂൾ. ഇവിടെ നിന്ന് ലൈസൻസ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാൻ അറിയില്ല എന്ന നിലവിലെ അവസ്ഥ ഇല്ലാതാക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ നടത്തുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂൾ പ്രവർത്തിക്കുക.

പരിശീലനത്തിനായി ചേരുന്ന ഒരാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതു മാത്രമല്ല ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്ന നിലയിൽ വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്ക്കരണം നൽകുക എന്നതും അവയുടെ ചുമതലയാണ്. ഈ ചുമതലയെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ ഏറ്റെടുക്കാൻ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളിന് കഴിയും. നല്ല ഡ്രൈവിങ് സംസ്‌കാരമുള്ള, പരസ്പര ബഹുമാനമുള്ള, അച്ചടക്കവും പ്രാപ്തിയുമുള്ള ഡ്രൈവർമാരെ കെഎസ് ആർ ടി സി ഡ്രൈവിങ് സ്കൂൾ വഴി ശ്രമിക്കും.
പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യനിരക്കിലും പരിശീലനം നൽകാനും ആലോചിച്ചിട്ടുണ്ട്.
KSRTC's driving schools are moving forward with the message of providing quality driving training at affordable prices.
