പിറവം : (piravomnews.in) മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കായ് വില ഉയർന്നതോടെ ഇവിടെയും മികച്ച വിലയാണ് ഇൗ ദിവസങ്ങളിൽ ലഭിക്കുന്നത്.

ഏത്തക്കായ് കിലോഗ്രാമിന് 66 രൂപ വരെ ഉയർന്നു. 3 മാസം മുൻപു കിലോഗ്രാമിന് 20 രൂപ നിരക്കിൽ നിന്നാണു വീണ്ടും ശക്തമായ തിരിച്ചുവരവ്. ഇതിനു പുറമെ മറ്റു വാഴക്കുലകൾക്കും മെച്ചപ്പെട്ട വിലയാണിപ്പോൾ. പൂവൻ 50, ഞാലിപ്പൂവൻ 48, റോബസ്റ്റ 35 എന്നിങ്ങനെയാണ് ഇന്നലെ രാമമംഗലം വിപണിയിലെ വില.
ഏതാനും മാസങ്ങളായി തുടർച്ചയായ വിലയിടിവു മൂലം കർഷകർ വാഴക്കൃഷിയിൽ നിന്നു പിൻവാങ്ങിയതോടെ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. വേനൽ ശക്തമായതോടെ പലയിടത്തും മൂപ്പെത്താതെ വാഴകൾ ഒടിഞ്ഞു തുടങ്ങി.
ജലസേചന സൗകര്യം ഉള്ള കൃഷിയിടങ്ങളിൽ മാത്രമാണു കാര്യമായ പരുക്കില്ലാതെ കൃഷി തുടരാനായത്. അതേ സമയം ഉയർന്ന കൂലിയും രാസവളം വിലയും പാട്ടവും എല്ലാം കണക്കിലെടുത്താൽ ഇപ്പോഴത്തെ വില എങ്കിലും ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.
100 ഏത്തവാഴ കൃഷി ചെയ്താൽ പരമാവധി 80 എണ്ണം വരെയാണ് വിളവെടുക്കാനാവുക. വളം വിലയും കൂലിച്ചെലവും കാര്യമായി വർധിച്ചു.
രാസവളം കിലോഗ്രാമിനു 30 മുതൽ 35 രൂപ വരെയാണു വില. ഒരു വാഴക്കന്നു നട്ട് 9 മാസത്തിനു ശേഷം വിളവെടുക്കുന്ന ഘട്ടമാകുമ്പോൾ 300 രൂപയോളമാണു മുടക്കു വരിക.
#Banana #farming, which brought #tears to the #farmers #months ago, is #sweet again
