കൊച്ചി : (piravomnews.in) ബസിൽ കുഴഞ്ഞുവീണ അറുപതുകാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ.
തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ബുധൻ ഉച്ചയ്ക്ക് 12.30 ഓടെയാണ് നീണ്ടകര സ്വദേശിനി കുഴഞ്ഞുവീണത്.വൈറ്റില ഹബ്ബിൽനിന്ന് ബസിൽ കയറിയ ഇവർ കുണ്ടന്നൂരിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
സമീപത്തിരുന്ന യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, കണ്ടക്ടർ ലെനിൻ ശ്രീനിവാസൻ എന്നിവർ ഉടൻതന്നെ വാഹനം ലേക്‌ഷോർ ആശുപത്രിയിലെത്തിച്ചു.
ഹൃദയ സ്തംഭനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച സ്ത്രീയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് വൈദ്യസഹായം നൽകി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സ വയോധികയുടെ ജീവൻ രക്ഷിച്ചു.
രോഗിയുടെ ആരോഗ്യനിലയറിയാൻ അരമണിക്കൂറോളം ബസ് ജീവനക്കാർ ആശുത്രിയിൽ കാത്തുനിന്നശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടർന്നു.
ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ലിതിനും ലെനിനും സന്തോഷം പ്രകടിപ്പിച്ചു. തിരുവല്ല ഡിപ്പോയിലെയാണ് ബസ്. അപകടനില തരണംചെയ്‌ത യാത്രക്കാരി ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
A 60-year-old woman who #collapsed in a bus was #brought #back to life by the #intervention of #KSRTC #staff