മലപ്പുറം: പോക്സോ കേസിൽ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പൊലീസ് പിടിയിൽ. പള്ളാട്ടിൽ മുഹമ്മദ് നാഫി (24) നെ യാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലിൽ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്പാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലിൽ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞാണ് നാഫി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രതിയായ പോക്സോ കേസിന്റെ വിചാരണ പെരിന്തൽമണ്ണ പോക്സോ കോടതിയിൽ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ ശിക്ഷ ഉറപ്പായ നാഫി ശിക്ഷയിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ആത്മഹത്യാ നാടകം ഒരുക്കിയത്.
ഒടുവിൽ ഇയാൾ ആലപ്പുഴയിൽ ഉണ്ടെന്ന് കണ്ടെത്തി. ഒളിവിൽ പോയതിന് ശേഷം വീട്ടുകാരുമായോ, സുഹൃത്തുകളുമായോ ഒരിക്കൽ പോലും ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. മറ്റൊരാളുടെ അഡ്രസ്സിൽ എടുത്ത ഫോൺ നമ്പറാണ് ഉപയോഗിച്ചിരുന്നത്. കാളികാവ് പോലീസ് ഇൻസ്പെക്ടർ വി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Suspect who played suicide drama arrested by police.