ആര്യനാട്: (piravomnews.in) ഓട്ടോയില്‍ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെപോയ പോലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പോലീസിനു കൈമാറി.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു കണ്ടെത്തി. വെള്ളനാട് വെളിയന്നൂര്‍ സ്വദേശിയും വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെ സി.പി.ഒ.യുമായ രതീഷിനെയാണ് ഞായറാഴ്ച രാത്രി നാട്ടുകാര്‍ പിടികൂടി ആര്യനാട് പോലീസിനു കൈമാറിയത്.
ഇയാള്‍ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ്. മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിന് രതീഷിന്റെ പേരില്‍ ആര്യനാട് പോലീസ് കേസെടുത്തെങ്കിലും രാത്രിതന്നെ ജാമ്യത്തില്‍ വിട്ടു.
ഞായറാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. പുളിമൂട് ജങ്ഷനു സമീപംവെച്ച് രതീഷ് ഓടിച്ചിരുന്ന കാര്‍ കുളപ്പടയിലേക്കു വരുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഓട്ടോ മറിഞ്ഞ് ഡ്രൈവറായ ചാങ്ങ സ്വദേശി വിജയന്‍, യാത്രക്കാരനായ വെളിയന്നൂര്‍ സ്വദേശി വിജയകുമാര്‍ (60) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതു കണ്ടിട്ടും രതീഷ് വാഹനം നിര്‍ത്താനോ പുറത്തിറങ്ങി വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല. ഇടിയുടെ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരെ അസഭ്യം പറഞ്ഞശേഷം ഇയാള്‍ കാറുമെടുത്ത് പോകുകയായിരുന്നു.
ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി ഇയാളെ പിന്തുടര്‍ന്ന നാട്ടുകാര്‍ ആര്യനാട് തോളൂരിലെ പെട്രോള്‍ പമ്പിനു സമീപംവെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറി. പോലീസ് രതീഷിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഇയാള്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഇയാള്‍ പരിശോധന നടത്താന്‍ തയ്യാറായില്ല.
നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍നിന്നു കൂടുതല്‍ പോലീസ് എത്തിയാണ് പരിശോധന നടത്തിയത്. ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും രതീഷിനെ അസോസിയേഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസൊതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ആരോപണമുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറെയും യാത്രക്കാരനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#Locals #caught the #policeman who #failed to #stop the car after #hitting the #auto