കൊച്ചി....(piravomnews.in) ഓൺലൈൻ ഷെയർ ട്രേഡിങ്; അങ്കമാലി കറുകുറ്റി സ്വദേശിയിൽ നിന്ന് 56.50 ലക്ഷംതട്ടിയ പ്രതി അറസ്റ്റിൽ.ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.ഓൺ ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി സ്വദേശിയിൽ നിന്ന് 56.50 ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതി അറസ്റ്റിലായത്. നിക്ഷേപത്തിന് ഒൺലൈൻ ഷയർ ട്രേഡിംഗിലൂടെ വൻ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.
വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതവും നൽകി. പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ലാഭമെന്ന പേരിൽ പണം നൽകിയിരുന്നത്. ഇതു പോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയായിരുന്നു അത്. നിക്ഷേപകന്റെ വിശ്വാസം ആർജിച്ചെടുക്കാൻ ഇതു വഴി തട്ടിപ്പു സംഘത്തിന് സാധിച്ചിരുന്നു.അപ്രകാരം കറുകുറ്റി സ്വദേശിയും കൂടുതൽ തുക നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ ലാഭവും ആപ്പിലെ ഡിസ്പ്ലേയിൽ പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപവും, ലാഭവും പിൻവലിക്കുന്നതിന് ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. അപ്പോഴാണ് തട്ടിപ്പുമനസിലായത്.തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്.
Online share trading; 56.50 lakh accused arrested from Ankamali Karukutty resident