കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം ആര്‍ ചന്ദ്രശേഖരന്‍(96) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിലായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ അദ്ദേഹം കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. മാധ്യമപ്രവര്‍ത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയില്‍ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എന്‍.വി. പര്‍വ്വം, കമ്യൂണിസം ചില തിരുത്തലുകള്‍, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമര്‍ശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങള്‍, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. മലയാളനോവല്‍ ഇന്നും ഇന്നലെയും എന്ന പുസ്തകത്തിന് 2010-ല്‍ കേരള സാഹിത്യ അക്കാദമിപുരസ്‌കാരവും വിവര്‍ത്തനത്തിന് എം എന്‍ സത്യാര്‍ഥി പുരസ്‌കാരവും ലഭിച്ചു.
ഭാര്യ: പരേതയായ വിജയകുമാരി.
മക്കള്‍: റാം കുമാര്‍, പ്രിയ.
മരുമക്കള്‍: ശങ്കര്‍, ധന്യ.
Eminent writer and critic Prof. MR Chandrasekaran passed away