ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കും അന്ത്യോപചാരമർപ്പിച്ച് സഹപാഠികളും അദ്ധ്യാപകരും. ചേതനയറ്റ നിലയിൽ ഉറ്റസുഹൃത്തുക്കളെ കണ്ട സഹപാഠികളെല്ലാം വിങ്ങിപ്പൊട്ടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അഞ്ചുപേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ക്യാമ്പസിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിലായിരുന്നു പൊതുദർശനം. കോളേജിലെ പൊതുദർശനത്തിന് ശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയുടെ കബറടക്കം എറണാകുളത്തായിരിക്കും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പൊലീസ് അകമ്പടിയോടെ ആണ് മൃതദേഹം ആംബുലൻസുകളിൽ നാട്ടിലേക്കെത്തിച്ചത്. കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവത്സൻ്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എഎൻ ബിനുരാജിൻ്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി മുഹമ്മദ് നസീറിൻ്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് വിദ്യാർത്ഥികൾ ചികിത്സയിലാണ്
classmates and teachers pay their last respects to the five medical students who died in the Kalkarkot car accident.