കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും ഇനിയും നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും തെക്കന്‍ കേരളത്തില്‍ നിന്നും ഉന്നതനായ നേതാവിന്റെ മകന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ തന്നോട് ചര്‍ച്ച നടത്തിയെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകള്‍ തയ്യാറായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മാറോളി ഘട്ടില്‍ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവര്‍. തെക്കന്‍ കേരളത്തിലെ ഉന്നതനായ ഒരു നേതാവിന്റെ മകന്‍ ഈ കാര്യം തന്നോട് ഫോണില്‍ സംസാരിച്ചു. ആരും വന്നാലും സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. ചെങ്കൊടി പിടിച്ച ആരു വന്നാലും പൊളിച്ചടുക്കി കൊണ്ടുപോവുക തന്നെ ചെയ്യും. ഇതു ശോഭാ സുരേന്ദ്രന്റെ മിടുക്കല്ല. താന്‍ പിടിച്ച താമര ചിഹ്നമുള്ള കൊടി കണ്ടാണ് മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ നിലവാരമില്ലാത്തയാളാണെന്നാണ് ഇപി ജയരാജന്‍ പറയുന്നത്. പാര്‍ട്ടിയില്‍ ചേരാനായി പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ 109-ാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇപി ജയരാജന്‍ വന്നതെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ 23 എംഎല്‍എമാര്‍ ബി.ജെ.പിയുടെ പ്രതിനിധികളായി കേരള നിയമസഭയിലുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
BJP State Vice President Shobha Surendran said that more leaders will join BJP from CPM.