വൈപ്പിൻ : (piravomnews.in) സംസ്ഥാന പാത സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറായി ദേവസ്വം നട ജംക്‌ഷനിൽ നടന്നു വരുന്ന ജോലിൾ വാഹനത്തിരക്ക് കുറയുന്ന രാത്രി സമയത്ത് നടത്തണമെന്ന് ആവശ്യമുയരുന്നു.
പകൽ സമയത്ത് ജോലികൾ നടത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായാണ് നാട്ടുകാരുടെ പരാതി. വൈപ്പിൻ റൂട്ടിലെ ഏറ്റവും തിരക്കു പിടിച്ച് ജംക്‌ഷൻ എന്നതിനൊപ്പം സ്ഥല സൗകര്യം കുറഞ്ഞ ഇടം കൂടിയാണ് ദേവസ്വംനട.
നേരത്തെ മുതൽ തന്നെ അവധി ദിവസങ്ങളിലും മറ്റും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിനിടെ ഒരു ഭാഗത്ത് കാന നിർമാണം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് പതിന്മടങ്ങായി.
ജോലികളുടെ ഭാഗമായി കോൺക്രീറ്റ് മിക്സർ, മണ്ണുമാന്തി യന്ത്രം, മിനി ലോറികൾ എന്നിവ റോഡിൽ തന്നെ പാർക്കു ചെയ്യുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
കുരുക്ക് നീളുമ്പോൾ വിദ്യാർഥികളും ജോലിക്കാരും അടക്കമുള്ള നൂറു കണക്കിനു പേർ ഏറെ നേരം റോഡിൽ കുടുങ്ങുന്ന സ്ഥിതിയാണ്.
#Traffic #jam at #Cherai #Devaswom #Nata #Junction