അഞ്ചൽ: (piravomnews.in) ടൗണിൽ കടകളിൽ കള്ളനോട്ടുകൾ മാറാൻ ശ്രമിച്ച സംഘം പിടിയിലാകുമെന്നായതോടെ മുങ്ങി. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ചന്തമുക്കിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോർ, സമീപത്തെ പൂക്കട എന്നിവിടങ്ങളിലാണ് 500ന്റെ വ്യാജ നോട്ടുകൾ മാറാൻ ശ്രമം നടന്നത്.
പൂക്കടയിൽ എത്തിയയാൾ 100 രൂപയുടെ പൂക്കൾ വാങ്ങിയശേഷം 500 രൂപ നൽകുകയും ബാക്കി 400 രൂപയും വാങ്ങിപ്പോകുകയും ചെയ്തു. സമീപത്തെ മെഡിൽസ്റ്റോറിലെത്തി മരുന്ന് വാങ്ങിയ ശേഷം 500 രൂപ നൽകി.
മെഡിക്കൽ സ്റ്റോർ ഉടമക്ക് നോട്ടിൽ സംശയം തോന്നിയതിനാൽ കൂടുതൽ പരിശോധന നടത്തി. എന്നാൽ, മരുന്നിന്റെ വിലയായി വേറെ നോട്ടുകൾ നൽകി 500ന്റെ നോട്ട് തിരികെ വാങ്ങിയശേഷം വന്നയാൾ മരുന്നുമായി സ്ഥലം വിട്ടു.
തുടർന്ന് പുറത്തിറങ്ങിയ കടയുടമ സമീപത്തെ മറ്റ് വ്യാപാരികളെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ് പൂക്കടക്കാരനും കള്ളനോട്ട് കിട്ടിയ വിവരം മനസ്സിലായത്.
കള്ളനോട്ടുമായെത്തിയയാൾ ചന്തമുക്കിലെ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറിപ്പോയതായി വ്യാപാരികളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അഞ്ചൽ പൊലീസ് അന്വേഷണമാരംഭിച്ചു.
#Attempting to enter a #flower #shop and a #medical store to exchange #counterfeit #notes; When they saw that they were #about to be #caught, the group dived