പറവൂര്‍ : (piravomnews.in) ഏറെ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടന്ന പറവൂര്‍ കോടതി അങ്കണം നവീകരിക്കുന്നു.
വർഷങ്ങൾക്കുമുമ്പാണ് കോടതിക്കുചുറ്റുമുള്ള പാതകള്‍ ടൈൽ വിരിച്ചത്. ഏറെ നാൾ കഴിയുംമുമ്പ് ടൈലുകൾ തകർന്നുതുടങ്ങി. നിലവാരം കുറഞ്ഞ ടൈലാണ് ഉപയോഗിച്ചതെന്ന ആക്ഷേപം ഉയര്‍ന്നു. ഇതിനെതിരെ രാഷ്ട്രീയപാർടികളും സംഘടനകളും വിവിധ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു.
കോടതികൾക്കുപുറമെ താലൂക്ക് ഓഫീസ്, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ വളപ്പില്‍ പ്രവർത്തിക്കുന്നുണ്ട്. മുനമ്പം ഡിവൈഎസ്‍പി ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാർഗവും ഇതുതന്നെ.
ആയിരക്കണക്കിനുപേർ നിത്യേന എത്തുന്ന സ്ഥലമായിട്ടും പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ നേരെയാക്കി സഞ്ചാരം സുഗമമാക്കാൻ മണ്ഡലത്തിലെ എംഎല്‍എകൂടിയായ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇടപെട്ടില്ല.
മഴക്കാലത്ത് ടൈലുകളിൽ വീഴുന്ന ഇലകൾ അഴുകി നിരവധി ഇരുചക്രവാഹനയാത്രികര്‍ക്ക് ഇവിടെ തെന്നിവീണ് പരിക്കേറ്റിരുന്നു. തെന്നിവീണ് കൈകാലുകൾ ഒടിഞ്ഞ കാൽനടയാത്രികരും നിരവധി.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ നഗരത്തിലെ ഒരു സ്കൂൾ അധ്യാപിക ഇവിടെ തെന്നിവീണ് കാലൊടിഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം നേതൃത്വത്തിലാകും നവീകരണപ്രവർത്തനം നടക്കുക.
ഇതിനായി രണ്ടുകോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി കലക്ടർക്ക് നൽകും. ടൈല്‍സ് മാറ്റി കരിങ്കൽപ്പാളി വിരിച്ച് നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കുന്നത്.
പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ, കൗൺസിലർ ഇ ജി ശശി, തഹസിൽദാർ കെ ടോമി സെബാസ്റ്റ്യൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാർ എന്നിവര്‍ ഒപ്പമുണ്ടായി.
No more #slippage: #Paravur #court #premises will be #renovated