കൊച്ചി : (piravomnews.in) അക്ഷരകലയിൽ വിസ്‌മയചിത്രങ്ങളെഴുതി അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്റ്റിവൽ ജനശ്രദ്ധയാകർഷിക്കുന്നു.
അക്ഷരങ്ങളും വാക്കുകളും ഭാവചിത്രങ്ങളാകുന്ന അപൂർവ കലാപ്രദർശനം കാണാനും രചനാസങ്കേതങ്ങൾ പരിചയപ്പെടാനുമായി സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള കലാപ്രവർത്തകരും ആസ്വാദകരുമാണ് ദർബാർ ഹാൾ ഗ്യാലറിയിലേക്ക് എത്തുന്നത്.
നാലുദിവസത്തെ ഫെസ്റ്റിവലിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മുൻനിര കലിഗ്രഫർമാരും പങ്കെടുക്കുന്നു. ലാറ്റിൻ, അറബി, ചൈനീസ് തുടങ്ങിയ അക്ഷരമാലകൊണ്ടുള്ള കലിഗ്രഫി, കലിഗ്രഫി ബൈബിൾ, ഖുർആൻ പകർത്തിയെഴുത്ത് തുടങ്ങിയവയും പ്രദർശനത്തിൽ കാണാം.
നാലു ഗ്യാലറികളിലായാണ് പ്രദർശനം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗുജറാത്തി, കന്നട, അറബി, ഉറുദു, ഹീബ്രു, വിയറ്റ്‌നാമീസ് തുടങ്ങി നിരവധി ഭാഷകളിലുള്ള കലിഗ്രഫികളും ഒരുക്കിയിട്ടുണ്ട്.
പ്രശസ്‌ത കലിയോഗ്രാഫർമാരായ മൈക്കൽ ബി അനസ്‌താസിയോ (ഫ്രാൻസ്), ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപപ്പെടുത്തിയ ബി ഉദയകുമാർ, കലിഗ്രഫിയുടെ പത്തടി ഉയരത്തിലുള്ള ഏറ്റവും വലിയ പുസ്‌തകം തയ്യാറാക്കിയ വിയറ്റ്‌നാംകാരൻ ഡാങ് ഹോക്ക്, സാൽവാ റെസൂൽ, അക്ഷയ തോംബ്രേ തുടങ്ങി 120 പ്രതിനിധികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
കേരള ലളിതകലാ അക്കാദമിയും പ്രശസ്‌ത മലയാളം കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പ്രദർശനം, ശിൽപ്പശാല, അവതരണം, ക്വിസ്, പ്രഭാഷണങ്ങൾ തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. വെള്ളി വൈകിട്ട് ടി എം കൃഷ്‌ണയുടെ സംഗീതക്കച്ചേരി നടത്തി. ഫെസ്റ്റിവൽ ശനിയാഴ്‌ച സമാപിക്കും.
#Calligraphy #festival with #portraits