കൊച്ചി : (piravomnews.in) ഡോൾഫിനും തിമിംഗിലവും ഉൾപ്പെടെയുള്ള കടൽസസ്തനികളുടെ മത്സ്യബന്ധന വലകളുമായുള്ള സമ്പർക്കത്തെക്കുറിച്ച് പഠിക്കാൻ ഡ്രോൺ നിരീക്ഷണവുമായി സിഫ്റ്റ്.
ഡ്രോൺ ഉപയോഗിച്ച് കടൽസസ്‌തനികളെക്കുറിച്ച് പഠിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണിതെന്ന് ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു.
മത്സ്യബന്ധനവലയുമായി കടൽസസ്തനികളുടെ സമ്പർക്കം, അത് ഒഴിവാക്കാൻ മത്സ്യത്തൊഴിലാളികൾ സ്വീകരിക്കുന്ന പരമ്പരാഗതരീതികൾ, അവയുടെ കാര്യക്ഷമത, മീൻവലകളിൽനിന്ന് സസ്തനികളെ ഒഴിവാക്കാനുള്ള ശാസ്ത്രീയരീതികൾ വികസിപ്പിക്കൽ എന്നീ വിഷയങ്ങളിലാണ് പഠനം.
സംരക്ഷിത ജീവിവർഗമായതിനാൽ ബോട്ടുകളിൽനിന്നും കപ്പലുകളിൽനിന്നും എടുക്കുന്ന ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും ഉപയോഗിച്ചാണ് ഡോൾഫിനുകളെയും തിമിംഗിലങ്ങളെക്കുറിച്ചും പഠിച്ചിരുന്നത്.
എന്നാൽ, വശങ്ങളിൽനിന്ന് പകർത്തുന്ന ഇത്തരം ചിത്രങ്ങൾക്ക് മുകളിൽനിന്നുള്ള ത്രിമാനദൃശ്യം ലഭിക്കാത്തതിനാൽ ഇവയുടെ നീന്തൽരീതി, മറ്റു ചലനരീതികൾ എന്നിവയിൽ വേണ്ടത്ര വ്യക്തത വരാറില്ല.
ഡ്രോണുകൾ ഉപയോഗിച്ച് പകർത്തിയാൽ ഇത് മറികടക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞായിരുന്നു സിഫ്‌റ്റിന്റെ നടപടി. കൊച്ചി തീരത്ത് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ വംശനാശഭീഷണി നേരിടുന്ന ഹമ്പ് ബാക് ഡോൾഫിനുകളുടെ ദൃശ്യം ഗവേഷണസംഘം ചിത്രീകരിച്ചു.
#sift #flies a #drone to #capture the #dolphin