തൃപ്പൂണിത്തുറ : (piravomnews.in) മെട്രോ യാത്രക്കാർക്കു കലയുടെ കൂത്തമ്പല കാഴ്ചയൊരുക്കി കെഎംആർഎൽ.
മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലാണു തനതു കലകൾ ഉൾക്കൊള്ളിച്ചുള്ള മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്. ‘നൃത്തരൂപം’ എന്ന പേരിലാണു കേരളത്തിന്റെ നൃത്തങ്ങൾ എന്ന പ്രമേയം ഉൾക്കൊണ്ടുള്ള മ്യൂസിയം.
ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തുള്ള മ്യൂസിയം കാണാനും ശിൽപങ്ങൾക്ക് ഒപ്പം ഫോട്ടോ പകർത്താനും ഒട്ടേറെ യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്.സ്റ്റേഷനിലെ പ്രധാന ആകർഷണമാണു കലാ ശിൽപങ്ങൾ നിറഞ്ഞ മ്യൂയം. 10 ശിൽപങ്ങളാണ് ഇപ്പോൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ടിക്കറ്റ് എടുക്കാത്തവർക്കും മ്യൂസിയം സൗജന്യമായി സന്ദർശിക്കാം.കഥകളി, തെയ്യം, ഓട്ടൻതുള്ളൽ, നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, പടയണി, കൂടിയാട്ടം തുടങ്ങിയ കലകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫൈബർ ഗ്ലാസിലാണ് ഇവ നിർമിച്ചിരിക്കുന്നതെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു.
കലാരൂപങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളും നൽകിയിട്ടുണ്ട്.എറണാകുളം ആസ്ഥാനമായ അക്രുതി ആർട്ട് സർക്കിളാണു മ്യൂസിയം ഒരുക്കിയത്. രാവിലെ 6 മുതൽ രാത്രി 10.30 വരെയാണു പ്രവർത്തനം.
#KMRL has #prepared a #spectacle of art for #metro #passengers