കൊച്ചി : (piravomnews.in) നഗരത്തിലെത്തുന്നവരെ കുറഞ്ഞ ചെലവിൽ ഓണസദ്യ ഊട്ടി കൊച്ചി കോർപറേഷന്റെ ജനകീയ ഹോട്ടൽ സമൃദ്ധി @ കൊച്ചി.
ബുധനാഴ്‌ചമുതൽ 100 രൂപയ്‌ക്ക് ലഭ്യമാക്കിയിരിക്കുന്ന സദ്യ കഴിക്കാൻ നിരവധിപേരാണ് ഹോട്ടലിൽ എത്തുന്നത്.
പ്ലേറ്റിൽ ഇല വിരിച്ച് ചോറിനൊപ്പം തൊടുകറികളായി ഇഞ്ചിക്കറിയും മാങ്ങാ അച്ചാറും പപ്പടവും ശർക്കരവരട്ടിയും ഉപ്പേരിയും വിളമ്പിയശേഷം തോരൻ, അവിയൽ, പാവയ്‌ക്ക തീയൽ, ബീറ്റ്‌റൂട്ട് പച്ചടി എന്നിവയും വിളമ്പും.
ഒഴിക്കാൻ സാമ്പാർ, രസം, കാളൻ എന്നിവ ലഭ്യം. ഊണ് കഴിഞ്ഞാൽ കഴിക്കാൻ പാലടപ്രഥമൻ ഗ്ലാസിൽ നൽകും. ഒപ്പം പഴവും. 100 രൂപയുടെ ബില്ലടിച്ചാൽ വിഭവങ്ങൾ കൗണ്ടറിൽനിന്ന് ഏറ്റുവാങ്ങി ഇരിപ്പിടത്തിലിരുന്ന് കഴിക്കാം. പാഴ്‌സൽ ലഭ്യമല്ല.
പകൽ 11.30 മുതൽ വൈകിട്ട് നാലുവരെ ലഭ്യമാകുന്ന സദ്യ തിരുവോണദിവസംവരെ ഉണ്ടാകും. ആദ്യദിവസം 80 പേർ സദ്യ ഉണ്ണാനെത്തി. നഗരത്തിൽ പഠന–-ജോലി ആവശ്യങ്ങൾക്കായി എത്തുന്ന യുവതയാണ് സദ്യ കഴിക്കാനായി എത്തുന്നവരിൽ ഭൂരിഭാഗവും.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽപേരെ പ്രതീക്ഷിക്കുന്നതായി നടത്തിപ്പുചുമതലയുള്ള കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ പറഞ്ഞു. 20 രൂപയ്‌ക്ക് ഊണ് നൽകിയാണ് നഗരവാസികളുടെ ഇഷ്ടഭക്ഷണ ഇടമായി സമൃദ്ധി മാറിയത്.
Those who #come to the #city are fed with #Onasadya at a #low #cost