ആലുവ : (piravomnews.in) ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ആലുവ പൊലീസും കോടതി ജീവനക്കാരും പിന്തുടർന്ന് പിടികൂടി.
അബ്ദുൾ ഹുസൈനാണ് (20) രക്ഷപ്പെടാൻ ശ്രമിച്ചത്. ആലുവ കാരോത്തുകുഴിക്കുസമീപം താമസിക്കുന്ന മലപ്പുറം സ്വദേശി സൂരജ് കുമാറിന്റെ മുറിയിൽനിന്ന് ചൊവ്വാഴ്ച 1300 രൂപയും എടിഎം, പാൻ, ആധാർ കാർഡുകളും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതിയെയും സുഹൃത്ത് കാസിം അലിയെയും ബുധൻ പകൽ 3.30നാണ് കോടതിയിൽ ഹാജരാക്കിയത്.
കോടതിയിൽ എത്തിയപ്പോൾ ഇരുവരുടെയും കൈവിലങ്ങ് പൊലീസ് അഴിച്ചുമാറ്റി. ഇതോടെ കോടതിയോടുചേർന്ന് 10 അടിയിലേറെ താഴ്ചയുള്ള മുനിസിപ്പൽ ഗ്രൗണ്ടിലേക്ക് അബ്ദുൾ ഹുസൈൻ ചാടിയിറങ്ങി.
പൊലീസുകാരൻ പിന്നാലെ ചാടിയെങ്കിലും പിടികൊടുക്കാതെ പ്രതി ഗ്രൗണ്ടിന്റെ മറുവശത്തെത്തി ഇരുമ്പുനെറ്റിനിടയിലൂടെ ആറടി താഴ്ചയിലുള്ള ഊമംകുഴിത്തടം റോഡിലേക്ക് ചാടി, ഇടറോഡിലൂടെ ഓടി. രണ്ടുവീടുകൾ ചാടിക്കടന്ന പ്രതി മൂന്നാമത്തെ വീടിന്റെ ടെറസിൽ കയറി ഒളിച്ചു.
സംഭവം നടക്കുമ്പോൾ ഓണാഘോഷത്തിലായിരുന്ന ഒന്നാംനമ്പർ കോടതിയിലെ ഓഫീസ് അസിസ്റ്റന്റ് എടവനക്കാട് സ്വദേശി ടി എസ് മുഹമ്മദ് തൻസീർ പ്രതിക്ക് സമാന്തരമായി കോടതിവളപ്പിലൂടെ ഓടി ഊമംകുഴിത്തടം റോഡിലെത്തി.
അടുത്ത വീടിന്റെ ടെറസിൽനിന്ന് പ്രതിയെ പിടികൂടി. ഓട്ടത്തിനിടെ തൻസീർ ഒരു വീട്ടിലെ വളർത്തുനായക്കുമുന്നിൽപ്പെട്ടെങ്കിലും ഭയപ്പെടാതെ തിരികെ മതിൽ ചാടിക്കടന്നു. ഇതിനിടെ, കൈയിലും മുറിവുണ്ടായി. പൊലീസ് എത്തുമ്പോഴേക്കും പ്രതി തൻസീറിന്റെ പിടിയിലായി.
ആലുവ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി മോഷണത്തിനുപുറമെ വെട്ടിച്ചുകടക്കാൻ ശ്രമിച്ചതിന് മറ്റൊരു കേസുംകൂടി ചുമത്തി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The #accused was #caught #trying to #escape from the #court #premises