തിരുവനന്തപുരം: (piravomnews.in) ശ്രീകാര്യത്ത് ഭാര്യയെയും മകനെയും ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച സംഭവം ഭർത്താവ് അറസ്റ്റിൽ.
ശ്രീകാര്യം പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്ന് സംശയം. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം തുടരുകയാണ്.
പോങ്ങൂമൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്.വീട്ടിലെ ഹാളിൽ വച്ച് അഞ്ജനയും ഉമേഷും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ ഉമേഷ് അടുക്കളയിലേക്ക് പോയി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് കുത്തുകയായിരുന്നു.
പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പത്തു വയസ്സുകാരനായ മകനെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.രണ്ടു പേർക്കും വയറ്റിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെയും പ്രതിയായ ഉമേഷ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ പിന്നീട് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്. ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അഞ്ജന. പ്രതിക്കെതിരെ വധശമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
#Husband #arrested for #stabbing his #wife and#son