---
title: "#MVD | ഓപ്പറേഷന്‍ ഥാറില്‍  കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി"
english_title: "1275 #people were #trapped in #Operation #Thar; #MVD #fined Rs 53.45 #lakh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217700/1275-people-were-trapped-in-operation-thar-mvd-fined-rs-5345-lakh"
published_at: "2024-07-06T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66888a6836195_mvd.jpg"
keywords: []
---

# #MVD | ഓപ്പറേഷന്‍ ഥാറില്‍  കുടുങ്ങിയത് 1275 പേര്‍ ; 53.45 ലക്ഷം രൂപ പിഴ ഈടാക്കി എംവിഡി

> **Lead Summary:** **തൃക്കാക്കര : ** രൂപമാറ്റം വരുത്തിയതും അനധികൃത ലൈറ്റുകളും ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‍മെ​ന്റ് നടത്തിയ പ്രത്യേക പരിശോധനയിൽ 1275 പേർക്കെതിരെ കേസെടുത്തു.

## Article Content

**തൃക്കാക്കര : ** രൂപമാറ്റം വരുത്തിയതും അനധികൃത ലൈറ്റുകളും ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‍മെ​ന്റ് നടത്തിയ പ്രത്യേക പരിശോധനയിൽ 1275 പേർക്കെതിരെ കേസെടുത്തു.

> വിവിധ കുറ്റങ്ങൾക്ക് 53,45,500 രൂപ പിഴ ഈടാക്കി. ജൂൺ ഒന്നുമുതൽ 30 വരെയാണ് കോടതി നിർദേശപ്രകാരം "ഥാർ' എന്ന പേരിൽ ജില്ലയിൽ മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തിയത്. ലൈറ്റുകൾ, രൂപമാറ്റം, ലോഹ ബംബറുകൾ, റേഡിയല്‍ ടയറുകൾ എന്നിങ്ങനെ രൂപമാറ്റങ്ങൾ വരുത്തി നിരത്തിലിറക്കിയ 493 വാഹനം പിടിയിലായി.

ഇവരിൽനിന്ന്‌ 26,45,000 രൂപ പിഴയീടാക്കി. ഒരുതവണ രൂപമാറ്റത്തിന് പിടിയിലായാൽ 5000 രൂപയും രണ്ടാമത് പിടിയിലായാൽ 2000 രൂപയും അധികം നൽകേണ്ടിവരും. നമ്പർ പ്ലേറ്റ് വയ്‌ക്കാത്തതിനും കൃത്യസ്ഥലത്ത് പ്രദർശിപ്പിക്കാത്തതിനും 498 പേരിൽനിന്ന്‌ 18,04,500 രൂപ പിഴയീടാക്കി.

ഒന്നിൽ കൂടുതൽ കുറ്റകൃത്യം കണ്ടെത്തിയ 324 പേരിൽനിന്ന്‌ 8,96,000 രൂപയും ഈടാക്കി. നോട്ടീസ് നൽകി വിശദീകരണം കേട്ടശേഷം ഇവരുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ ആർടിഒ സ്വീകരിക്കും.

എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എട്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. സിറ്റിയിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായവരിലേറെയും.

നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിന് കൂടുതല്‍പേര്‍ പിടിയിലായത് റൂറൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ്.പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ, രൂപമാറ്റം വരുത്തിയതിന് രണ്ടാംതവണ പിടിയിലായ ഥാർ ജീപ്പ് ഡ്രൈവർ എ എസ് ഫാസിലി​ന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ്‌ ചെയ്തു.

വാഹന രജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഐഡിടിആറിലെ റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217700/1275-people-were-trapped-in-operation-thar-mvd-fined-rs-5345-lakh)