---
title: "#Pulintanamchurch | പുളിന്താനം പള്ളി ഇത്തവണയും ഏറ്റെടുക്കാനായില്ല"
english_title: "#Pulintanam #church could not be #taken over this #time #either"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217697/pulintanam-church-could-not-be-taken-over-this-time-either"
published_at: "2024-07-06T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66888750d6b2a_church.jpg"
keywords: []
---

# #Pulintanamchurch | പുളിന്താനം പള്ളി ഇത്തവണയും ഏറ്റെടുക്കാനായില്ല

> **Lead Summary:** **കവളങ്ങാട് : ** പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി ഏറ്റെടുക്കാനുള്ള ശ്രമം ഇക്കുറിയും നടപ്പായില്ല.

## Article Content

**കവളങ്ങാട് : ** പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി ഏറ്റെടുക്കാനുള്ള ശ്രമം ഇക്കുറിയും നടപ്പായില്ല.

ഓർത്തഡോക്‌സ് വിഭാഗത്തെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കാൻ പൊലീസും ജില്ലാ ഭരണകേന്ദ്രവും നടത്തിയ ശ്രമം യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ വിഫലമായി. വ്യാഴം രാത്രിമുതൽ പൊലീസ് തമ്പടിച്ചിരുന്നു.

പള്ളി ഏറ്റെടുത്തശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനായിരുന്നു പൊലീസ് ശ്രമം. ഓർത്തഡോക്‌സ് വിഭാഗം എത്തിയിരുന്നില്ല. ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ തിങ്കളാഴ്‌ചയ്‌ക്കുമുമ്പ് വിധി നടപ്പാക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വ്യാഴം രാത്രി 7.30 ഓടെ പൊലീസ് എത്തിയതറിഞ്ഞ്‌ നൂറുകണക്കിന് യാക്കോബായ വിശ്വാസികളും പള്ളിയിൽ എത്തി.

വെള്ളി രാവിലെ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘവും എത്തി. എന്നാൽ, സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിച്ചു.

കോടതി വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് മൂവാറ്റുപുഴ തഹസിൽദാർ കെ എം ജോസുകുട്ടി ആവശ്യപ്പെട്ടെങ്കിലും പള്ളി വിട്ടുതരില്ലെന്ന നിലപാട് ആവർത്തിച്ച യാക്കോബായ വിഭാഗം മുദ്രാവാക്യം മുഴക്കി പ്രതിരോധിച്ചു.

ബലപ്രയോഗം ഒഴിവാക്കാൻ നടപടി നിർത്തിവച്ച് വെള്ളി പകൽ ഒന്നോടെ തഹസിൽദാറും പൊലീസ് സംഘവും മടങ്ങി. ബലപ്രയോഗം നടത്തരുതെന്നും കോടതി വിധിയിൽ പ്രത്യേക പരാമർശമുണ്ട്.

മൂവാറ്റുപുഴ ഡിവൈഎസ്‌പി എ ജെ തോമസ്, പോത്താനിക്കാട് എസ്എച്ച്ഒ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു. കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217697/pulintanam-church-could-not-be-taken-over-this-time-either)