---
title: "#TravancoreRegions | ട്രാവൻകൂർ റയോൺസ്‌ ജീവനക്കാർക്ക്  ആനുകൂല്യം നൽകുന്നു ; നടപടി തുടങ്ങി"
english_title: "#Travancore #Regions #provide #benefits to #employees; #Action #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217696/travancore-regions-provide-benefits-to-employees-action-started"
published_at: "2024-07-06T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688865d0ff1e_rayons.jpg"
keywords: []
---

# #TravancoreRegions | ട്രാവൻകൂർ റയോൺസ്‌ ജീവനക്കാർക്ക്  ആനുകൂല്യം നൽകുന്നു ; നടപടി തുടങ്ങി

> **Lead Summary:** **പെരുമ്പാവൂർ : ** ട്രാവൻകൂർ റയോൺസ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടി തുടങ്ങി.

## Article Content

**പെരുമ്പാവൂർ : ** ട്രാവൻകൂർ റയോൺസ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടി തുടങ്ങി.

ഹൈക്കോടതി നിയോഗിച്ച ഒഫീഷ്യൽ ലിക്വഡേറ്റർ തൊഴിലാളികളുടെ രേഖാമൂലമുള്ള അപേക്ഷ പരിഗണിച്ചാണ് നടപടി ആരംഭിച്ചത്.

ഒരുവർഷത്തെ ബോണസ്, ലീവ് ആനുകൂല്യം, 2001 ജൂലൈ 17ന് അനധികൃതമായി പൂട്ടിയതിന്റെ പേരിൽ ജീവനക്കാർക്ക് നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾക്കുള്ള ആനുകൂല്യം, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള നഷ്ടപരിഹാര തുക എന്നിവയാണ് നൽകുന്നത്.

ഹൈക്കോടതിയുടെ നിർദേശപ്രകാരം തൊഴിലാളികൾ നൽകിയ അപേക്ഷയിൽ നഷ്ടപരിഹാരത്തുക നിശ്ചയിച്ചാണ് ഓരോ തൊഴിലാളിക്കും ലിക്വഡേറ്റർ അറിയിപ്പ് നൽകിയത്. ഹൈക്കോടതിയുടെ അംഗീകാരത്തിനുശേഷം തുക നൽകും.

മുടങ്ങിയ ഗ്രാറ്റുവിറ്റിയുടെ പത്തുശതമാനം പലിശ ലഭിക്കുന്നതിന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ ജി സുനിൽകുമാർ, കെ കെ അഷറഫ്, എ വി മത്തായി, പി എസ് വേണുഗോപാൽ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് നടപടി.

ക്യാന്റീൻ തൊഴിലാളികൾ ഉൾപ്പെടെ 1800 പേർക്ക് ആനുകൂല്യം ലഭിക്കും. 1945ൽ 72 ഏക്കർ സ്ഥലം സർക്കാരിൽനിന്ന്‌ പാട്ടത്തിനെടുത്ത് തുടങ്ങിയ കമ്പനിയിൽ 1950ൽ ഉൽപ്പാദനം ആരംഭിച്ചു. പട്ടുനൂൽ, സലോഫൈൻ പേപ്പർ, സൽഫ്യൂരിക് ആസിഡ് തുടങ്ങിയവയായിരുന്നു ഉൽപ്പന്നങ്ങൾ.

12 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റിയയച്ചിരുന്നു. അടുത്തിടെ ലിക്വഡേറ്ററുടെ നേതൃത്വത്തിൽ കമ്പനിയിലെ ചെമ്പ്, ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ 74 കോടി രൂപയ്ക്ക് ലേലത്തിൽ നൽകി. കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടിയും തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217696/travancore-regions-provide-benefits-to-employees-action-started)