---
title: " #PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്"
english_title: "14.5 crore for #Potachal #flood #relief: #Minister #PRajeev"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217199/145-crore-for-potachal-flood-relief-minister-prajeev"
published_at: "2024-07-04T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686336207716_prajeev.jpg"
keywords: []
---

#  #PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്

> **Lead Summary:** കളമശേരി : കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ നടപ്പാക്കുന്ന പ്രളയനിവാരണ പദ്ധതിക്ക് അംഗീകാരമായി.

## Article Content

കളമശേരി : കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ നടപ്പാക്കുന്ന പ്രളയനിവാരണ പദ്ധതിക്ക് അംഗീകാരമായി.

14.5 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കുസാറ്റ്‌ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് (ആർകെഐ) നിർവഹണ സമിതിയാണ്‌ പദ്ധതിക്ക് അംഗീകാരം നൽകിയത്. പൊട്ടച്ചാൽ തോടിന്റെ സമഗ്ര നവീകരണമാണ് ലക്ഷ്യം.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം ജലവിഭവവകുപ്പ് മാപ്പിങ്‌ നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി.

കൈയേറ്റംമൂലം തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. വർഷക്കാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകുന്നതായി ജലവിഭവവകുപ്പ് കണ്ടെത്തിയിരുന്നു. ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1037 മീറ്റർ നീളത്തിൽ തോടിന്റെ വീതി കൂട്ടും. മന്ത്രിതലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആർകെഐ നിർവഹണസമിതി യോഗത്തിൽ ചെയർമാൻ ഡോ. കെ എം എബ്രഹാം അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217199/145-crore-for-potachal-flood-relief-minister-prajeev)