---
title: " #dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം"
english_title: "It is #reported that the #number of #dengue #patients is #increasing ; #Be #careful"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217192/it-is-reported-that-the-number-of-dengue-patients-is-increasing-be-careful"
published_at: "2024-07-04T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66863097a1646_dengue.jpg"
keywords: []
---

#  #dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

> **Lead Summary:** **കൊച്ചി : ** ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌. 5402 പനിബാധിതർ ഒരാഴ്‌ചയ്‌ക്കിടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

## Article Content

**കൊച്ചി : ** ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌. 5402 പനിബാധിതർ ഒരാഴ്‌ചയ്‌ക്കിടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

ഇവരിൽ 274 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബുധൻ, ശനി ദിവസങ്ങളിലാണ്‌ കൂടുതൽ ഡെങ്കി കേസുകൾ സ്ഥിരീകരിച്ചത്‌. ബുധനാഴ്‌ച 74 പേർക്കും ശനിയാഴ്‌ച 54 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്‌ത ഡെങ്കിപ്പനി കേസുകളിൽ 30 ശതമാനവും ജില്ലയിലാണെന്ന്‌ കണക്ക്‌ വ്യക്തമാക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ സംസ്ഥാന ആരോഗ്യവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ജൂൺ 24 മുതൽ 30 വരെ 274 ഡെങ്കി കേസുകളാണ്‌ സ്ഥിരീകരിച്ചത്‌. ജൂൺ 15 മുതൽ റിപ്പോർട്ട് ചെയ്‌ത 1285 സ്ഥിരീകരിച്ച കേസുകളിൽ 402 പേർക്കും ഡെങ്കിപ്പനിയായിരുന്നു.

മെയ് 24നും ജൂൺ 12നും ഇടയിൽ ജില്ലയിൽ 160 കേസുകളാണുണ്ടായത്‌. പിറവം, ഇടക്കൊച്ചി, പിഴല, കലൂർ, മൂലംകുഴി, തമ്മനം, ഫോർട്ട്‌ കൊച്ചി മേഖലകളിലാണ്‌ ഡെങ്കിപ്പനി കൂടുതലായി കാണുന്നത്‌.

പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ബോധവൽക്കരണം നടത്താനും നടപടി സ്വീകരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217192/it-is-reported-that-the-number-of-dengue-patients-is-increasing-be-careful)