---
title: "#death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ"
english_title: "The #country has lost a #public #servant who was full of #struggles #throughout his #life"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217139/the-country-has-lost-a-public-servant-who-was-full-of-struggles-throughout-his-life"
published_at: "2024-07-04T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e54c3a1cc_death.jpg"
keywords: []
---

# #death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ

> **Lead Summary:** **ഉദയംപേരൂർ :** പി കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി കെ പത്മനാഭന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ.

## Article Content

**ഉദയംപേരൂർ :** പി കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി കെ പത്മനാഭന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ.

1948ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പി കെ, അതിനും രണ്ടുവർഷംമുമ്പ്‌ ക്ഷേത്രപ്രവേശന മുദ്രാവാക്യമേറ്റെടുത്ത്‌ ആമേട ക്ഷേത്രക്കുളത്തിൽ വിലക്ക് ലംഘിച്ച്‌ കുളിക്കാനിറങ്ങിയത്‌ സംഭവബഹുലമായ സമരജീവിതത്തിലെ ഉജ്വല ഏട്‌.

പി കെയോടൊപ്പം കുറുപ്പശേരി ശ്രീധരൻ, കണ്ടത്തിപ്പറമ്പ് വേലായുധൻ, പള്ളിശേരി നാരായണൻ ശാന്തി എന്നിവർ അന്ന് സമരഭടന്മാരായി കുളത്തിലിറങ്ങിയിരുന്നു. എല്ലാവർക്കും ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്ന്‌ ആറുമാസത്തിനകം ആമേട ക്ഷേത്രത്തിലും നടക്കാവ് ക്ഷേത്രത്തിലും പൊതുജനങ്ങൾക്ക് പ്രവേശനം ലഭിച്ചു എന്നതും ചരിത്രം.

ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർഥിയായിരുന്നു. തുടർന്ന് സ്കൂളിലെ ജീവനക്കാരനായി. വിദ്യാർഥിയായിരിക്കെത്തന്നെ 1953ലെ കൂലിവർധനയ്‌ക്കുവേണ്ടിയുള്ള പ്രസിദ്ധമായ ചെത്തുതൊഴിലാളി സമരത്തിന്റെ ഭാഗമായി.

പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിദ്യാർഥി എന്ന പരിഗണനയിൽ മർദനത്തിൽനിന്ന് ഒഴിവാക്കി.- ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പി കെ, 1970ലെ മിച്ചഭൂമിസമരം ഉൾപ്പെടെ എല്ലാ പ്രക്ഷോഭങ്ങളുടെയും മുൻനിരയിലുണ്ടായിരുന്നു. അതിന്റെ ഭാഗമായി നിരവധിതവണ പൊലീസ് മർദനമേറ്റു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217139/the-country-has-lost-a-public-servant-who-was-full-of-struggles-throughout-his-life)