---
title: "#Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു"
english_title: "A #faction #fight is #brewing in the #Congress over the #problems in the #Kalamasery #Co-operative #Bank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217137/a-faction-fight-is-brewing-in-the-congress-over-the-problems-in-the-kalamasery-co-operative-bank"
published_at: "2024-07-04T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e45cbbc42_kalamassery.jpg"
keywords: []
---

# #Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു

> **Lead Summary:** **കളമശേരി :** കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു.

## Article Content

**കളമശേരി :** കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു.

ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസും കെപിസിസി അംഗവും ജില്ലയിൽ ഐ വിഭാഗത്തിന്റെ മുതിർന്ന നേതാവുമായ ജമാൽ മണക്കാടനുമാണ്‌ നേർക്കുനേർ പോരിന് ഒരുങ്ങുന്നത്‌.

രണ്ടുവർഷംമുമ്പാണ് ബാങ്ക് ഭരണസമിതിയിലെ ഐ വിഭാഗക്കാരും ലീഗിലെ രണ്ട് ഇബ്രാഹിംകുഞ്ഞ് പക്ഷക്കാരും ചേർന്ന് അവിശ്വാസം കൊണ്ടുവന്ന്‌ എ വിഭാഗക്കാരൻ ടി കെ കുട്ടിയെ പ്രസിഡന്റ്‌ പദവിയിൽനിന്ന് പുറത്താക്കിയത്. ജമാൽ മണക്കാടന്റെ പിന്തുണയോടെയാണ് വിമതപ്രവർത്തനം നടന്നത്.

തുടർന്ന്‌ വിമതവിഭാഗത്തിലെ അനില ജോജോ പ്രസിഡന്റായി ചുമതലയേറ്റു. വിമതപ്രവർത്തനം നടത്തിയ അനില, മനാഫ് പുതുവായിൽ, നിസാർ പള്ളത്ത്, കെ ജി മോഹനൻ, ജൂലി പയസ് എന്നിവരെ കോൺഗ്രസ് സസ്പെൻഡ്‌ ചെയ്തു.

ഇബ്രാഹിംകുഞ്ഞ് പക്ഷക്കാരായ രണ്ട് ലീഗ് വിമതരെ ഔദ്യോഗികപക്ഷമായ കബീർ വിഭാഗവും പുറത്താക്കി. എന്നാൽ, കോൺഗ്രസ് വിമതർക്കെതിരെയുള്ള നടപടി അവസാനിപ്പിക്കണമെങ്കിൽ അനില പ്രസിഡന്റ്‌ പദവി ഒഴിയണമെന്ന് ജൂൺ 27ന് ഡിസിസി പ്രസിഡന്റ് അന്ത്യശാസനം നൽകി.

കൂടെയുണ്ടായിരുന്നവർ കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ, തന്നെ ബലിയാടാക്കിയെന്ന്‌ ആരോപിച്ച്‌ അനില 29ന് രാജിക്കത്ത് നൽകി.

ടി കെ കുട്ടിയെ വീണ്ടും പ്രസിഡന്റാക്കാനും വിമതപ്രവർത്തനം നടത്തിയവരെ സംഘടനയിൽനിന്ന് അകറ്റിനിർത്താനുമാണ്‌ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിന്റെ നീക്കം.

എന്നാൽ, ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം മാനിച്ചുമാത്രമേ പ്രസിഡന്റിനെ നിശ്ചയിക്കാവൂ എന്ന നിലപാടാണ് വിമത അംഗങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

വിമതർ നിലപാടിൽ ഉറച്ചുനിന്നാൽ ഡിസിസി പ്രസിഡന്റിന്റെ തീരുമാനം കളമശേരിയിൽ നടപ്പാകില്ലെന്നാണ് നിലവിലെ സ്ഥിതി.

ഇതോടെയാണ് ഡിസിസി പ്രസിഡന്റും ജമാൽ മണക്കാടനും പോരിന് കളമൊരുങ്ങുന്നത്. പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ തീരുമാനം എന്തായാലും അത് ഗ്രൂപ്പുകൾക്ക് ഏറെ പ്രധാനമാണ്. എ വിഭാഗക്കാർക്ക് പിന്തുണയുമായി അബ്ദുൾ മുത്തലിബും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217137/a-faction-fight-is-brewing-in-the-congress-over-the-problems-in-the-kalamasery-co-operative-bank)