കൂത്താട്ടുകുളം : (piravomnews.in) ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ ഇടപെടലിൽ ദയ സംഘടനയുടെ നേതൃത്വത്തിലാണ് നായയെ പിടികൂടിയത്. വന്ധ്യംകരിച്ച ശേഷം നായയെ പ്രൈവറ്റ് ഷെൽറ്റർ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഒലിയപ്പുറം മൂർപ്പനാട്ട് സിബി മാത്യു, വഴിനടയിൽ പൊന്നമ്മ സുരേന്ദ്രൻ, മാഞ്ചുവട്ടിൽ തങ്കച്ചൻ, മണിമലക്കുന്നേൽ രാജപ്പൻ എന്നിവർക്ക് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും ചികിത്സയിലാണ്. കുഞ്ഞിനൊപ്പം നടന്നിരുന്ന നായ പ്രകോപനമില്ലാതെയാണ് ആക്രമിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ മാസം ഈ മേഖലയിൽ ഒട്ടേറെ വളർത്തു മൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. വിഷയം ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ വകുപ്പ് അധികൃതർക്കും മന്ത്രിക്കും പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം നെവിൻ ജോർജ് പറഞ്ഞു.
എബിസി പദ്ധതിയിൽ തുക അടച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ആവശ്യപ്പെട്ടു.
A #straydog was #caught after #biting 4 #people in #Oliyapuram