കഥ; നീലിമലയിലെ സാന്ത്വന പൂക്കൾ

കഥ; നീലിമലയിലെ സാന്ത്വന പൂക്കൾ
Jun 26, 2024 04:55 PM | By mahesh piravom

 കഥ....(piravomnews)  നീലിമലയിലെ സാന്ത്വന പൂക്കൾ.... 'ഭാനു' 'നമുക്കൊരു ചെറിയ യാത്രപോകാം, നീ വരുമെങ്കിൽ'.? 'എങ്ങോട്ടു'? 'നീലിമലയുടെ ഉയരങ്ങളിലേക്ക്'. 'നിന്‍റെ വർഷങ്ങൾ പഴകിയ പൊതിഞ്ഞുവച്ച ആഗ്രഹം തീർക്കാം പിന്നെ, ഈ മുഷിഞ്ഞ മടുപ്പിന് ഒരു ഇടവേളയും'. 'ഉം'. 'പോകണമെന്ന് ആഗ്രഹമുണ്ട് ഭരത്.....പക്ഷ, ഈ വശംതളർന്ന ശരീരം വലിച്ചിഴച്ചു ഒരു യാത്ര'.? 'ഭാനു....രണ്ടുമൂന്നു മണിക്കൂർ ഡ്രൈവൊക്കെ എനിക്ക് പറ്റുമെടോ പിന്നെ, കുതിക്കുന്ന കുതിരയല്ലേ ഇപ്പോഴും നമ്മുടെ പദ്മിനി'. തീരുമാനങ്ങളുടെ, ശരിതെറ്റുകളുടെ അപഗ്രഥനം ഞാൻ നിറുത്തിവച്ചു പറഞ്ഞു. 'രാത്രി യാത്രതിരിക്കുന്നു നമ്മൾ, ഇന്ന് പൗർണ്ണമിയാണ്, നീലിമലയുടെ ഉയരത്തിൽ പൗർണ്ണമിയെ കാണാൻ നല്ലരസമാകും'. 'സൊ മൈ ഡിയർ ഭാനു, വി ആർ മൂവിങ് ടുഡേ നൈറ്റ് ഓക്കേ'.? 'നിന്നെ ഞാൻ മെല്ലെ താങ്ങിയെത്തിക്കാം കാറുവരെ. മലമുകളിലെ പൗർണ്ണമി കാറിലിരുന്നും കാണാമല്ലോ'.? 'ഒന്ന് പോകാമെന്നു പറയു ഭാനു' ഞാൻ സംശയിച്ചു ചോദിച്ചു. 'ഉം' ഭാനു അർദ്ധസമ്മതത്തിൽ മൂളി.

രാത്രി പത്തുമണിയുടെ നിശബ്ദതയിൽ തന്നെ അത്ര വികസിതമല്ലാത്ത നഗരം ഉറങ്ങാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭാനുവിന് ഏറ്റവും ഇഷ്ട്ടപെട്ട കസവുകരയുള്ള സാരി, ഞാൻതന്നെ തളർന്നശരീരത്തിൽ എത്രയും ഭംഗിയാക്കാനുള്ള വ്യഗ്രതയോടെ വാരിയുടിപ്പിച്ചു. പതിവുപോലെ തലമുടി ചീകിയൊതുക്കി.നെറ്റിയിൽ വലിയ ചുവന്ന വട്ടപൊട്ടും ചാർത്തി. ഞാൻ തന്നെയുണ്ടാക്കിയ കുത്തരിക്കഞ്ഞിയും, ചമ്മന്തിയും പതിവ്പോലെ ഒരേ പാത്രത്തിൽ നിന്നും കഴിച്ചു. ഭാനുവിനെ കാറിലെത്തിക്കാൻ നന്നേബുദ്ധിമുട്ടി.തളരാത്ത ഇടതുകാലൂന്നി ഭാനു എന്നെ ആവുംവിധം സഹായിച്ചു. കരൾചേർത്ത് അവിചാരിതമായിവന്ന ഒരു പിടച്ചിൽ ഭാനു കാണാതെ മാറ്റിപ്പിടിച്ചു, ഒപ്പം ഉമിനീരിനൊപ്പം തേട്ടിവന്ന കുഞ്ഞുകവിൾ രക്തം ഇരുട്ടിലേക്ക് നീട്ടിതുപ്പിയും കളഞ്ഞു. 'ഭരത്, മരുന്നുകൾ കഴിച്ചിരുന്നോ' ആവുമോ ഡ്രൈവ് ചെയ്യാൻ'.... ? ഭാനു പതിഞ്ഞു ചോദിച്ചുകൊണ്ടിരുന്നു. 'ഭാനു,എനിക്കൊന്നുമില്ല വിഷമതകൾ. ചെറിയ ഒരു വേദന അത്രമാത്രം. അർബുദം കരളിന് മാത്രമാണെടോ, വളയംപിടിക്കുന്ന ഈ കൈകൾ ഉരുക്കുപോലെയാണ് ഇപ്പോഴും'. ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ഭാനു എന്നെ നോക്കി പുഞ്ചിരിയോടെ പതിവ്പോലെ മുൻസീറ്റിൽ ഇടതുവശം ചാരിയിരുന്നു. വഴി തീർത്തും വിജനമായിരുന്നു. കണ്ണാടി താഴ്ത്തിവച്ച വിൻഡോയിലൂടെ തണുത്തകാറ്റ് പതിയ കടന്നുവരുന്നു. ബ്ലാങ്കെറ്റു ഭാനുവിന്റെ കഴുത്തുവരെ ചേർത്ത്മൂടി ഞങ്ങൾ യാത്രതിരിച്ചു.എന്‍റെ അപഗ്രഥിച്ച അവസാന ശരികളെ ഭാനുവിന്റെ മനസ്സിലേക്ക് എങ്ങനെ സന്നിവേശിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ ശരികൾക്കുള്ള ഭാനുവിന്റെ പ്രതികരണവും. പദ്മിനിയുടെ മുരൾച്ചയിൽ എന്‍റെ കാഴ്ചകൾ തടിച്ചകണ്ണടയിലൂടെ നിരത്തിലേക്ക്മാത്രം ഞാൻ ഊന്നിയുറപ്പിച്ചുവച്ചു. നിരപ്പല്ലാത്ത നിരത്തുകൾ ഇപ്പോഴും റോഡായിട്ടില്ല. പദ്മിനിയുടെ വല്ലാതുള്ള ഉലച്ചിലുകൾ നിയന്ത്രിക്കാൻ ഞാൻ ബുദ്ധിമുട്ടി. 'ഭാനു'. ഞാൻ വിളിച്ചു. 'ഉം'.ഭാനു മൂളി കേട്ടു ഉറക്കം വരുന്നുണ്ടോ ? 'ഏയ്....ഇല്ല'. 'പിന്നെന്താ ആലോചിക്കുന്നതു'....?. 'ഒന്നുമില്ല ഭരത്' ഞാൻ ഓരോന്നിങ്ങനെ'.... 'ഉം'....ഞാൻ അമർത്തി മൂളി. 'ഭാനു.....ഞാൻ പറയട്ടെ നീ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നതെന്നു'.? ഭാനു മെല്ലെ തല എന്നിലേക്ക്‌ തിരിച്ചു. പാറിവീഴുന്ന മുടിയിഴകൾ ഇടംകയ്യാൽ മാടിയൊതുക്കിവച്ചു. 'പറയു....എന്താണെന്നു'.? ഈ വളയംപിടിക്കാൻ നമുക്കൊരു മകനോ, മകളോ ഉണ്ടായിരുന്നുവെങ്കിലെന്നല്ലേ ഇപ്പോൾ ചിന്തിച്ചു കൂട്ടിയത്.? 'എങ്കിൽ പിൻസീറ്റിൽ, എന്‍റെ മടിയിൽ തലവച്ചു കൂടെവരുന്ന ഈ ചന്ദ്രനെക്കണ്ടു നിനക്ക് കിടക്കാമായിരുന്നു എന്ന്. അതും കൂടിയല്ലേ ആലോചിച്ചത്'.? ഭാനു കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ എന്നെ നോക്കി 'അതെങ്ങിനെ ഭരത്തിനു മനസ്സിലായി'.? ഭാനുവിന്റെ ശബ്ദത്തിലും അത്ഭുദമുണ്ടായിരുന്നു. 'അതോ....അതുതന്നെയല്ലേ ഞാനും ചിന്തിച്ചുകൂട്ടിയതു ദാ ഇപ്പൊ.' ഞാൻ മെല്ലെ കുലുങ്ങിച്ചിരിച്ചുകൊണ്ടു പറഞ്ഞു. 'ഭാനു,നിന്‍റെ വിഷമതകൾ മാത്രമല്ല, ഇമയനങ്ങുന്ന ചിന്തകളും എനിക്ക് പെട്ടെന്ന് മനസ്സിലാകും'. ഞാൻ മെല്ലെ പറഞ്ഞു.

കാർ ചുരം കയറിതുടങ്ങി. താഴ്ന്നു തൊട്ടുപോകുന്ന മഞ്ഞുമേഘങ്ങളെ, പദ്മിനിയുടെ കിതക്കുന്ന വെളിച്ചം ഇഴകീറി കടന്നുപൊയ്ക്കൊണ്ടിരുന്നു. അർബുദത്തിന്റെ അണുക്കൾ കരളിനെ ചെറുതായി കുത്തിനോവിക്കുന്നു. വേദനയുടെ രസകണങ്ങൾ കണ്ണിൽനിന്നും ഇറ്റുവീഴാതിരിക്കാൻ, ഞാൻ തടിച്ച കണ്ണടഫ്രെയിം ഇടയ്ക്കിടയ്ക്ക് ഇളക്കിവച്ചുകൊണ്ടിരുന്നു. നീണ്ടുപോകുന്ന മൗനത്തിനിടയിൽ എപ്പോഴോ ഞാൻ പറഞ്ഞു. 'ഭാനു,എന്‍റെ ആകുലതകളിൽ നീ മാത്രമാണ് എന്നും, ഇപ്പോഴും'. ഭാനുവിന്റെ കണ്ണുകളിൽ ഒരു ചോദ്യചിഹ്നം എനിക്ക് കാണാൻ കഴിഞ്ഞു. പദ്മിനിയുടെ സ്റ്റിയറിങ്ങിൽ വിരലുകളാൽ മെല്ലെ താളംപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു. 'അർബുദം തിന്നുതീർക്കുന്ന എന്‍റെ ഈ കരളിന്റെ അവസാനഘട്ടത്തിൽ, ആയുസ്സിന്റെ പ്രവചനം ഡോക്ടർ കൈമളിന് പോലും അസാധ്യമായിരിക്കുന്നു'. ഭാനുവിന്റെ വിടർന്നകണ്ണുകൾ പതിവ്പോലെ നിറഞ്ഞു വരുന്നതും, ശബ്ദമില്ലാത്തൊരു തേങ്ങലും ഞാനറിഞ്ഞു. 'ഭാനു ,കരയരുത്.കരയാനല്ല ഈ യാത്ര' ഞാൻ പറഞ്ഞു. 'ഭരത്, അങ്ങനൊന്നും പറയരുത്. ഈ യാത്രയിലെങ്കിലും'. ഭാനു ബ്ലാങ്കെറ്റിന്റെ അറ്റം ചേർത്ത് ഞാൻ കാണാതെ കണ്ണുതുടച്ചുകൊണ്ടു പറഞ്ഞു. 'ഭാനു,വെറും വിശ്വാസങ്ങളിൽ അന്ധമായി ഉറച്ചുനിന്നാൽ, യാഥാർഥ്യങ്ങൾ ഇല്ലാതാവുമോ.? ഡോക്ടർ കൈമൾ വെട്ടിയും തിരുത്തിയും എഴുതിതന്ന മാസങ്ങൾ മാത്രമുള്ള എന്‍റെ ആയുസ്സിന്റെ നീളം ഇനി ഒന്നുകൂടി കൂട്ടിയെടുക്കാനുമാവില്ല. ഭാനു,എനിക്ക് എന്നെ പറ്റി വേവലാതികളില്ല, പകരം നിന്നെ കുറിച്ചോർക്കുമ്പോൾ'.....? തുറന്നുവച്ച ജാലകങ്ങളിലൂടെ ഒരു തണുത്തകാറ്റു കടന്നുപോയി. 'നമ്മൾക്കു പരസ്പരം ഒന്ന് തുറന്നു കരയുവാൻ പോലുമാകുന്നില്ല എന്ന സത്യം എനിക്കും, നിനക്കും നന്നായി അറിയാം. ചിരിക്കാൻ പാടുപെടുന്ന ചുണ്ടുകളുമായി, നമ്മൾ ഇനിയും എത്ര അഭിനയിച്ചു തീർക്കും'.? ഞാൻ ഭാനുവിനെ നോക്കാതെ പറഞ്ഞുനിർത്തി. പദ്മിനി ഞാൻ കാണാതെപോയ ഒരു ചെറിയ കുഴിയിലേക്കു ചാടി ഞങ്ങളെ ഒന്നുലച്ചു. ഭാനു മൗനമായി ആകാശത്തേക്ക് തുറിച്ചു നോക്കിയിരുന്നു. കാറിനുളളിലേക്ക് പുറത്തെ തണുപ്പ്,തുറന്ന വിൻഡോയിലൂടെ വല്ലാതെ ഇഴഞ്ഞു കയറി വന്നുകൊണ്ടിരുന്നു. ഗിയർ മാറ്റാൻ അനുവദിക്കാതെ, പദ്മിനി കിതച്ചു ചുരത്തിന്റെ പകുതിയോളം കടന്നിരിക്കുന്നു. 'ഭാനു,എനിക്കു ശേഷം എന്താകും.? ഓർത്തെടുത്തു അടുക്കി വയ്ക്കാനാവുന്നില്ല ഒന്നുമെനിക്ക്. നമ്മുടെ അനാഥത്വത്തിൽ തിരയാൻ ബന്ധുമുഖങ്ങൾ ഒന്നുമില്ലല്ലോ. എനിക്കോ നിനക്കോ എല്ലാം കരുതലോടെ പറഞ്ഞേലിപ്പിച്ചു പോകാൻ മക്കളും'. എന്‍റെ ശബ്ദം ഇടറാതിരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു,ഒപ്പം പദ്‌മിനിയെ ഉറപ്പോടെ പിടിച്ചു മുൻപോട്ടു കൊണ്ടുപോകാനും. 'ഒന്നനങ്ങുവാൻപോലും ബുദ്ധിമുട്ടുന്ന, വിങ്ങിപിടയുന്ന എനിക്ക് ശേഷമുള്ള നിന്‍റെ അനാഥത്വത്തിന്റെ ചിത്രം എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു ഭാനു.' നെഞ്ചിലെഘനം ശബ്ദത്തിൽ എത്തുന്നതായി എനിക്ക് തോന്നി. ഇളകിയാടുന്ന കാറിനുള്ളിലേക്ക് ചന്ദ്രവെളിച്ചം, ഇടയ്ക്കിടക്ക് മെല്ലെ കടന്നുവരുന്നു. ഏതോ രാപ്പക്ഷികൾ മരച്ചില്ലകളിൽ ചിലച്ചുശബ്ദിക്കുന്നു. 'ഭരത്,എന്‍റെ എല്ലാ വ്യാകുലതകളും നിന്നിൽതുടങ്ങി നിന്നിൽത്തന്നെ അവസാനിക്കുന്നു. കാലം കരുതിവച്ചിരിക്കുന്ന അവസാനയാത്രയിൽ ഞാൻ, നിനക്ക് മുൻപേ നിശബ്ദമായി പോകേണ്ടി വന്നാൽ, പിന്നെ നിന്‍റെ ദുരിതദിവസങ്ങൾ ഞാനും കാണാറുണ്ട് പലവട്ടം ഉറക്കത്തിൽ പോലും'. ഭാനുവിന്റെ ശബ്ദവും വല്ലാതെ വിറക്കുന്നതു പോലെ തോന്നി. 'ഭരത്,നമ്മുടെ പിഴച്ചഗണിതങ്ങൾ ശരിയാക്കാൻ ദൈവങ്ങൾക്കും, രാശിപലകൾക്കും ഇനി കഴിയില്ല അല്ലെ'. ? ഭാനു ചോദിച്ചു. നാവിൽ വിറച്ചുപോയതൊക്കെയും വല്ലാതെ വിഴുങ്ങി ഇടംകൈയ്യാൽ ഭാനുവിന്റെ നെറ്റിയിൽ വീണ്ടും പാറിവീണമുടിയിഴകൾ ഞാൻ ഒതുക്കിവച്ചു. പദ്മിനി കിതച്ചു മലമുകളിൽ എത്തിയിരിക്കുന്നു. നീലിമല മുഴുവൻ സ്വർണ്ണം വാരിവിതറിയതുപോലെ പ്രകാശിച്ചുനിൽക്കുന്നു. ഇടയ്ക്കു പറക്കുന്നമേഘങ്ങളും,മഞ്ഞും വെട്ടിത്തിളങ്ങുന്നു. ഞാൻ കാർ ഇലപൊഴിഞ്ഞ അശോകമരത്തിനു ചുവട്ടിൽനിറുത്തി പുറത്തുവന്നു ഭാനുവിന്റെ ഡോറിനു ചേർന്നുനിന്നു. 'ഭാനു....പുറത്തു വരുന്നോ'.... ? ഞാൻ ചോദിച്ചു .ഭാനു ഇല്ലെന്നു തലയാട്ടി ഒന്ന് വിളറിചിരിച്ചു. 'ഭാനു, ഏതു ഗണിതവും കൂടുതലും പിഴക്കാനുള്ളതാണ് ജീവിതത്തിലും. ചിലപ്പോൾമാത്രം ശരിയാകാൻ അവസരംകിട്ടും അതും ചിലർക്ക്. നമ്മുടെ ഗണിതങ്ങൾ പിഴച്ചു പോയതാണ്.ഇനി തിരുത്തിയെഴുതാനാവാതെ. എന്‍റെ മരണം ആദ്യമെങ്കിൽ നിനക്ക് ചെയ്യേണ്ടതും, അതല്ല നിന്റെയെങ്കിൽ എനിക്ക് ചെയ്യേണ്ടതും നമ്മൾ ഗണിച്ചുനോക്കിവച്ചതെല്ലാം തെറ്റായി പോയിരിക്കുന്നു. നീയില്ലെങ്കിൽ ഞാനും ഞാനില്ലെങ്കിൽ നീയും വെറും നിസ്സഹായർ മാത്രമെന്ന തിരിച്ചറിവ് നമ്മൾ അറിഞ്ഞുകൊണ്ട് മറന്നുവയ്ക്കാൻ ശ്രമിച്ചിരുന്നുവോ ജീവിതത്തിലുടനീളം, കടന്നു പോകുന്ന ഈ വിഷമദിനങ്ങൾ തീവ്രമായി നമ്മെ ഓർമ്മപെടുത്തും വരെ'. എന്‍റെ ശബ്ദത്തിലെ വിറയലുകളെയും, വിളിക്കാതെ കൺപീലികൾതൊട്ട ഒരു നേരിയ നനവിനെയും ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുതന്നെ വീണ്ടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. 'ഭാനു,നമ്മുടെ നാളെകൾ ഭീകരമാണ്. ഒരുപക്ഷെ ഒരു കവിൾച്ചോര ശർദ്ധിച്ചു ,ഒന്ന് പിടഞ്ഞു പെട്ടെന്ന് നിശ്ശബ്ദനായിപ്പോയേക്കാവുന്ന ഞാനില്ലാതെ നിനക്കോ, ഒരു തളർച്ചയിൽ ഒരു നീണ്ട ഉറക്കത്തിന്റെ പടിക്കെട്ടുകൾ നിശബ്ദം കയറിപോകുന്ന നീയില്ലാതെയെനിക്കോ പിന്നെ മുൻപിൽ നിറഞ്ഞ ശൂന്യതക്കപ്പുറം ഒരു ജീവിതം പോലുമില്ല. വിരൽതുമ്പു തൊട്ടുനിൽക്കുന്ന സഹായഹസ്തങ്ങൾ, ബന്ധു മുഖങ്ങൾ ഒന്നും കണ്ടുമറക്കാത്ത സ്വപ്നങ്ങളുടെ ഇടനാഴികളിൽ, നരച്ചുതുടങ്ങിയ ഓർമ്മകളുടെ എടുത്തുവച്ച ഏടുകളിൽ പോലും തെളിഞ്ഞു വരുന്നുമില്ല'. കിതപ്പു മുറിച്ചുവിട്ട എന്‍റെ ശബ്ദം വരണ്ടതൊണ്ടയിൽ കുരുങ്ങിപോകുന്നതുപോലെ തോന്നി. എവിടെയോ ഒരു കൂമൻ നീട്ടിമൂളി. 'ഭരത്, ശരിയാണ് പറയുന്നത്. എന്റെയും, നിന്റെയും വിഷമതകൾക്കപ്പുറം മനസിലാക്കേണ്ട സത്യം.ഞാൻ അതറിയുന്നു, വിഷമത്തോടെ മനസ്സിലാക്കുന്നു, കുറച്ചു വൈകിയെങ്കിലും ഭരത്'. ഭാനുവിന്റെ കണ്ണുകൾക്ക്‌ ഒരപൂർവ തിളക്കവും, അവൾ പറയുമ്പോൾ ചുണ്ടുകൾക്ക് ഒരു വിറയലും ഉണ്ടെന്നു എനിക്ക് തോന്നി 'നമുക്ക് നമ്മൾ മാത്രം.നമ്മളിൽ നിന്നും ഞാനും, നീയുമാകുന്ന ചുരുങ്ങലുകൾ ഓർത്തെടുക്കാൻ പോലുമാകുന്നില്ല. അടുത്തുവച്ച ദാഹജലത്തിന്റെ ഒരു പാത്രംപോലും എത്തിപ്പിടിക്കാനാവാത്ത കൈകവിരലുകളും, ജീവന്‍റെ വെറുംതുടിപ്പും മാത്രം ബാക്കിയാവുന്ന ആ നമ്മൾ, നമ്മൾക്ക് തന്നെ ഭാരമാകും അല്ലേ ഭരത്.? സാന്ത്വനങ്ങളില്ലാത്ത ഇരുണ്ട തുരുത്തിൽ ഒറ്റപ്പെട്ട അന്ധരെ പോലെ അല്ലെ'.? തണുത്ത കാറ്റ് എന്‍റെ താടിയിഴകളെ പാറിപറത്തിക്കൊണ്ടിരുന്നു. ഞാനും ഭാനുവും മൂകരായിരുന്നു. ഒരേ വാക്കുകളും വരികളും തന്നെ ഒരുപക്ഷെ ഞങ്ങൾ രണ്ടു തലച്ചോറുകളിലിട്ടു വേവിച്ചു പാകപ്പെടുത്തികൊണ്ടിരുന്നു. ആർക്കോ ആകാശനഗരിയിലേക്ക് കയറിവരാനെന്നപോലെ, വെളുത്തമേഘങ്ങൾ വല്ലാത്ത കരവിരുതോടെ പണിതുപോകുന്ന പടവുകൾ, ആകാശത്തിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു. 'ഭാനു,ചില തീരുമാനങ്ങൾ ജീവിതത്തിൽ പെട്ടെന്നെടുക്കണം, കാര്യകാരണങ്ങൾക്കും, വിശകലങ്ങൾക്കും പോലും സമയമില്ലാതെ. നിന്‍റെ ശബ്ദവും സാന്ത്വനങ്ങളുമില്ലാതെ ഞാനില്ല, എന്നെനിക്കറിയാം. അത് പോലെ എന്‍റെ കരുതലുകൾ തീരുന്നിടത്തു നീയുമവസാനിക്കുമെന്ന സത്യം നിനക്കുമറിയാം.പരസ്പരം തൊടുത്തുവിടുന്ന സ്നേഹസാന്ത്വനങ്ങളിൽ ഇഷ്ടത്തോടെ കുരുങ്ങിക്കിടക്കുന്നവരാണ് നമ്മൾ. ഇനി ഒരിക്കലും ഇഴ പിരിച്ചെടുക്കുവാനാകാത്തവിധം. ഈ പരസ്പര തലോടലുകളാണ്, കരുതലാണ് നമ്മളെ ഇതുവരെ ജീവിപ്പിച്ചു നിലനിർത്തിയത് നമ്മൾ പോലുമറിയാതെ. ഈ തലോടലുകൾ, കരുതലുകൾ ആർക്ക് നഷ്ട്ടമായാലും മറ്റൊരാൾ ദിശനഷ്ട്ടപെട്ടു ചലിക്കുന്ന വെറും യന്ത്രമോ അതോ ശ്വസിക്കുന്ന ഒരു വിചിത്ര ശവമോ മാത്രമാണ്.' കരുതിവച്ച മൗനത്തിന്റെ നിമിഷങ്ങൾ ഞാൻ ഭാനുവിന് മനഃപൂർവ്വം കൊടുത്തു സ്വയം നിശബ്ദനായി അൽപ്പനേരം. രാപ്പാടികളുടെ ചിറകടികൾ തീർന്നുപോയ ഏതോ നേരത്തു ഞാൻ മെല്ലെ പറഞ്ഞു. 'ഭാനു.ഞാൻ ഒരുങ്ങിയാണ് വന്നത് എല്ലാ രീതിയിലും. നിന്‍റെ തയ്യാറെടുപ്പുകളുടെ ഗ്രഹപാഠത്തിനു സമയം തീരെ കുറവാണെന്നു അറിയാം, എങ്കിലും ചോദിക്കുന്നു കാലംതന്ന ഈ അപൂർവ്വസന്ദർഭത്തിൽ നിന്നും ഇനി ഒരു തിരിച്ചുപോക്ക് വേണമോ'.? കാത്തിരിക്കാൻ ആരുമില്ലാതെ, കരുതിവയ്ക്കാൻ ഒന്നുമില്ലാതെ പരസ്പരം കടംകൊണ്ടുപോയ രണ്ടു ജീവിതങ്ങളാണ് നമ്മൾ.വൈകിയെങ്കിലും വന്ന ഒരു തിരിച്ചറിവിന്റെ ശേഷിപ്പുമായി ഇനി ഈ നീലിമല ഇറങ്ങണോ നമ്മൾ'.? എന്‍റെ കിതച്ചുപറച്ചിലുകൾ എന്നെ വല്ലാതെ തളർത്തികൊണ്ടിരുന്നു. നെറ്റിയിൽ വിയർപ്പും, കരളിൽ അർബുദത്തിന്റെ അണുക്കളും മത്സരിച്ചു ഓടിനടക്കുന്നത് എനിക്കറിയാൻ കഴിഞ്ഞു. ഭാനു എന്നെ ഒരു നിമിഷം വല്ലാതെ തുറിച്ചുനോക്കി. ഇടംകയ്യാൽ ഭാനു കണ്ണുകളും, കവിളുകളും അമർത്തി തുടച്ചു. വിറയ്ക്കുന്ന ഇടംകൈവിരലുകൾകൊണ്ടു അവൾ എന്‍റെ വലംകൈതൊട്ടു. വിരലുകൾ നിരക്കിനീക്കി എന്‍റെ വിരലുകളെ അവൾ ചേർത്തമർത്തി. എന്‍റെ നീണ്ടവിരലുകൾ പതുക്കെ ഉയർത്തി ചുണ്ടുകളിൽ ചേർത്തുവച്ചു. കൺപീലികളിലെ നനവിന്റെ തിളക്കം നിലാവിൽ എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു. എത്രയോനേരം അവൾ എന്‍റെ ഇടതുകരത്തിൽ മുഖമമർത്തിയിരുന്നു. ഞാൻ വലതുകരംകൊണ്ടു അവളുടെ മുടിയിഴകൾ മാടിയൊതുക്കി കൊണ്ടുമിരുന്നു. ഒരു ഉറക്കത്തിൽ നിന്നെന്നപോലെ എപ്പോഴോ പിടഞ്ഞുണർന്നു ഭാനു മുഖമുയർത്തി. എന്തിനോ അനുവാദം തരുന്നപോലെ എന്‍റെ വിരലുകൾ മൃദുവായി തട്ടി കൈവിട്ടൊഴിഞ്ഞു. ഭാനുവിന്റെ കണ്ണുകളിൽ ഇപ്പോൾ നനവില്ലായിരുന്നു, മറിച്ചു എന്തിനോ ഉള്ള ഒരു വിശ്വാസതിളക്കം തിളങ്ങി നിന്നിരുന്നു. അറിയാത്ത ഉത്തരങ്ങളുടെ ചോദ്യങ്ങളുമായി നിൽക്കുന്ന ഒരു കുട്ടിയെപോലെ ഞാൻ വീണ്ടും കുറച്ചുനേരം പദ്മിനിയെ ചാരിനിന്നു. ഭാനു അനുവാദം തന്നിരിക്കുന്നു. അവൾക്കു ഇങ്ങനെയേ അത് പറയാനാവൂ എന്ന് ഞാൻ അറിയുന്നു. ഞാൻ ഉത്തരങ്ങളെല്ലാം തേടിപിടിച്ചവനെപോലെ ആശ്വസിച്ചു. 'ഭാനു,ഞാൻ ഒരു സിഗരറ്റു വലിക്കുന്നു. നിന്‍റെ അനുവാദത്തോടെ'. ഞാൻ പറഞ്ഞു. ഡാഷ്ബോർഡിൽ എപ്പോഴോ എടുത്തു മറന്നുവച്ച സിഗരറ്റിനു തീ കൊടുത്തപ്പോൾ ഭാനു എന്നെ കൗതുകത്തോടെ നോക്കി . ഊതിപ്പറപ്പിച്ച പുകകൊണ്ടു വെറുതെ വളയങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു, പതിവ്പോലെ പരാജയപെട്ടു ഭാനുവിനെ നോക്കിചിരിച്ചു ചെറിയ ചമ്മലോടെ. ആകാശത്തു പടികൾ പണിത മേഘങ്ങൾ മെല്ലെ മറഞ്ഞു അവ്യക്തമാകുന്നു. മഞ്ഞിന്റെ നേർത്ത പാളികൾ പടികളെ വിട്ടുപോകാൻ മടിച്ച് പൊതിഞ്ഞു നിൽക്കുന്നു. ഏറ്റവും മുകളിലത്തെ പടികൾ കാണാൻ ഞാൻ എന്‍റെ കണ്ണടകൾ ഒരു വട്ടം തുടച്ചുവച്ചു വീണ്ടും ശ്രമിച്ചു, പക്ഷെ വ്യക്തമാകുന്നില്ല. തണുത്തകാറ്റ് പെട്ടെന്ന് ശക്തമായപോലെ. ഞാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ മെല്ലെ ഇരുന്നു. പദ്മിനിയുടെ പഴമയുടെ മണമുള്ള വിൻഡോയിലും, സ്റ്റിയറിംഗ് വീലിലും വെറുതെ വിരലുകളാൽ തടവി. സ്റ്റിയറിംഗ് വീലിൽ ചുണ്ടുകൾ ചേർത്ത് ഒരുവട്ടം അമർത്തി ചുംബിച്ചു. വിളക്കുകൾ ഞാൻ പല പ്രാവശ്യം അണച്ചും തെളിച്ചും ഇരുന്നു. കൗതുകം മാറാത്ത തുറന്ന കണ്ണുകളുമായി ഭാനു എന്നെമാത്രം നോക്കിയിരുന്നു. 'ഭാനു',ഞാൻ വിളിച്ചു. ഒരു നേർത്ത മൂളലിൽ ഭാനു ഉത്തരം തന്നു. 'ഭാനു,എന്നെ ഒന്ന് നോക്കൂ' ഞാൻ പറഞ്ഞു. വിഷമിച്ചു വശംതിരിഞ്ഞ ഭാനു എന്‍റെ കണ്ണുകളിലേക്കു ഉറ്റുനോക്കി. കഴിഞ്ഞുപോയ കാലങ്ങൾ ചലച്ചിത്രം പോലെ ഞാൻ ആ കണ്ണുകളിൽ തേടിയെടുക്കാൻ ശ്രമിച്ചു. . വിളറിയചിരിയോടെ ഭാനു പറഞ്ഞു. 'തീരുമാനങ്ങൾക്കു ഇനി അമാന്തമരുതു ഭരത്, നിന്‍റെ കണ്ണുകളിൽ അധിക നേരം നോക്കിയിരുന്നാൽ എന്‍റെ സംഭരിച്ച എല്ലാ ഊർജവും ചോർന്നുപോയേക്കും'. ഞാൻ കണ്ണുകൾ രണ്ടും ചേർത്തടച്ചു ഭാനുവിന്റെ വാക്കുകളെ ആവർത്തിച്ചു മനസ്സിൽ പറഞ്ഞു.ഒരു പുതിയ ഇരുട്ടിന്റെ പറയാനാവാത്ത നിറം എനിക്ക് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു . ഒരു കാറ്റ് മുരൾച്ചയോടെ ഞങ്ങളെ വന്നു മുട്ടിത്തിരിഞ്ഞു പോയി. 'ഭരത്,എപ്പോഴും ചെയ്യാറുള്ള പോലെ എന്നെ ആ മാറിൽ ഒന്ന് കിടത്തു. എന്‍റെ തലയിൽ നിന്‍റെ കീഴ്ത്താടി ചേർത്തുവയ്ക്കു. നിന്‍റെ നെഞ്ചിന്റെ മിടിപ്പോന്നു ഞാൻ കേൾക്കട്ടെ. എന്‍റെ ചുമലുകളിൽ നിന്‍റെ വിരലുകളാൽ വെറുതെ താളംപിടിക്കു. ഉറങ്ങിയടയാൻ വെമ്പുന്നകണ്ണുകൾ നിന്‍റെ ഹൃദയംതൊട്ടിരിക്കട്ടെ. എന്‍റെ നാസരന്ധ്രങ്ങളിൽ നിന്‍റെ വിയർപ്പിന്റെ പരിചിതഗന്ധം പതിവ്പോലെ നിറയട്ടെ. നീലിമലയുടെ ചന്ദ്രോത്സവം കണ്ടു എന്‍റെ കണ്ണുകൾ കഴച്ചുതുടങ്ങുന്നു. വേഗമാകട്ടെ നമ്മുടെ യാത്ര'. ഭാനുവിന്റെ ശബ്ദം തികച്ചും അപരിചിതമായി എനിക്ക് തോന്നി. എന്നരുകിൽ ഇരിക്കുന്ന ഭാനുവിനെ എനിക്കറിയില്ലെന്നും.ഞാൻ ഭാനുവിനെ ചേർത്തുപിടിച്ചു. ബ്ലാങ്കറ്റിന്റെ ഒരു വശംചേർത്ത് അവൾ എന്നെയും പുതപ്പിച്ചു. എന്‍റെ നെഞ്ചിലേക്ക് പതിയെ മുഖംചേർത്ത ഭാനു ഹൃദയഭാഗത്തു അമർത്തി ചുംബിച്ചു. ഞാൻ എന്‍റെ കീഴ്ത്താടി പതിവുപോലെ ഭാനുവിന്റെ നിറുകയിൽ ചേർത്തുവച്ചു. വിറയ്ക്കുന്ന ഇടംകയ്യിലെ വിരലുകളാൽ ചുമലിൽ പതിഞ്ഞൊരു താളമിട്ടു. ഭാനുവിന്റെ ചുണ്ടുകൾ നിരന്തരം എന്‍റെ നെഞ്ചിൽ ചുംബിച്ചുകൊണ്ടിരുന്നു. കണ്ണുകൾപൂട്ടി ഞാൻ എന്തിനെന്നെറിയാതെ ഏറെനേരം അങ്ങിനെതന്നെയിരുന്നു. വിറയ്ക്കുന്നവിരലുകൾ ചേർത്ത് ഇഗ്‌നേഷൻ കീ തിരിച്ചു. പദ്മിനി ഒരു മുരൾച്ചയോടെ സ്റ്റാർട്ട് ആയി. അവളുടെ കിതക്കുന്നഹൃദയവും എന്നോടെന്തോ പറയുന്നുണ്ടോ എന്നെനിക്കു തോന്നി. ഞാൻ ഭാനുവിന്റെ തലപിടിച്ചുയർത്തി. നിലാവിൽ തിളങ്ങുന്ന അവളുടെ നനഞ്ഞ കണ്ണുകളിലേക്കു നോക്കി. എന്‍റെ ചുണ്ടുകളുടെ വിറയലും കരയാൻ വെമ്പുന്ന കണ്ണുകളും ഭാനു കാണരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അവളുടെ വരണ്ടചുണ്ടുകളിൽ ഞാൻ വിറച്ചു വിഭ്രാന്തിയുടെ അമർത്തിചുംബിച്ചു. എണ്ണമറിയാതെ എന്‍റെ ആർദ്രചുംബനങ്ങൾ അവളുടെ കണ്ണുകളിലും കവിളിലും പടർന്നുകയറിക്കൊണ്ടിരുന്നു. അർത്ഥമറിയാത്ത ഏതോ ഉന്മാദത്തിന്റെ വിറയലോടെ ഞാൻ ചോദിച്ചു 'ഭാനു,നമുക്ക് പോകാം'. ഉത്തരം പറയാതെ പതിവ് മൂളലുകൾ പോലും ഇല്ലാതെ ഭാനു എന്നെ വന്യമായി ഒരു കയ്യാൽ വലിച്ചടുപ്പിച്ചു ഇറുകെപുണർന്നു. ഒരു പക്ഷികുഞ്ഞിനെ പോലെ എന്‍റെ നെഞ്ചിലെ നരച്ച രോമങ്ങളിൽ, ഉതിരുന്ന വിയർപ്പിൽ വീണ്ടും തലതാഴ്ത്തി. വല്ലാതെ വിയർത്ത വിറയ്ക്കുന്ന വലംകയ്യാൽ ഞാൻ പദ്മിനിയെ ഗിയറിലേക്കു തട്ടിവിട്ടു. ഞാൻ ആക്‌സിലേറ്ററിൽ വലതു കാൽ മെല്ലെ ചേർത്തുവച്ചു എന്‍റെ എല്ലാ ഊർജത്തോടും. പദ്മിനി മുന്നോട്ടു പായുവാൻതുടങ്ങി. ഭാനുവിന്റെ വിറയ്ക്കുന്ന ശരീരം ആകാവുന്നത്ര ഞാൻ ചേർത്തു പിടിച്ചു. വലതുകൈവിരലുകൾകൊണ്ടു ഞാൻ അവളുടെ ചുമലുകളിൽ താളമിടാൻ ശ്രമിച്ചു.ഭാനുവിന്റെ വിഷമങ്ങളിൽ എപ്പോഴും സാന്ത്വനിപ്പിക്കാറുള്ളപോലെ. പദ്മിനി വല്ലാതെകുലുങ്ങി നീലിമലയുടെ അഗ്രത്തിലെ തെറിച്ചു നിൽക്കുന്ന ഇരുണ്ടുകറുത്ത പാറയിൽതട്ടി ആസുരമായ ഒരു ഹുങ്കാരശബ്ദത്തോടെ ഉയർന്നുപറന്ന്, അഗാധമായ ആഴങ്ങളിലേക്ക്‌ ആർത്തിയോടെ മെല്ലെ കൂപ്പുകുത്താൻ തുടങ്ങിയിരിക്കുന്നു. ആകാശത്തിലെ മേഘങ്ങളുടെ പാതിപണിത പടിക്കെട്ടുകൾ ഒരു വട്ടംകൂടി ഞാൻ എത്തിനോക്കി. ചൂളംവിളിക്കുന്ന തണുത്ത കാറ്റ് വന്യമായി ബ്ളാങ്ക്റ്റു നിമിഷനേരത്തിൽ പറത്തിക്കളഞ്ഞിരിക്കുന്നു. ഇടിമിന്നലേറ്റപോലെ പദ്മിനിയുടെ ചില്ലുകളും.ഞങ്ങളെ പറിച്ചെറിയാൻവെമ്പുന്ന ശക്തമായകാറ്റിനെ പദ്മിനിയുടെ പൂട്ടിപോയ വാതിലുകൾ ദുർബലമായി പ്രധിരോധിക്കുന്നുണ്ടായിരുന്നു. പ്രജ്ഞയറ്റവരെപോലെ ഭാനു എന്നെയും ഞാൻ ഭാനുവിനെയും മുറുകെപുണർന്നിരുന്നു. എന്‍റെ വിരലുകൾ ഭാനുവിന്റെ ചുമലിൽ എന്തിനെന്നറിയാതെ തഴുകി സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു. ഭാനുവിന്റെ വിയർത്തകവിളിൽ ഉരസിയ എന്‍റെ ചുണ്ടുകൾ കർണ്ണതടങ്ങളെ അമർത്തിചുംബിച്ചു. എനിക്ക്പോലും കേൾക്കാനാവാതെ അടഞ്ഞുപോയ പതിഞ്ഞ ശബ്ദത്തിൽ ഞാൻ മന്ത്രിച്ചു. 'ഭാനു....ഭയക്കേണ്ട...ഞാനില്ലേ കൂടെ....എന്‍റെ വിരൽ തുമ്പിന്റെ സാന്ത്വനങ്ങളും'..... നെഞ്ചിൽ അമർന്നുപോയ ഭാനുവിന്റെ തീർത്തും പതിഞ്ഞ ഒരു മറുപടിമൂളൽ അലറുന്നകാറ്റ് തട്ടിയെടുത്തിരുന്നു. പദ്മിനി നീലിമലയുടെ താഴെ അഗാധതയുടെ ആഴത്തിലേക്ക് ഒരു തൂവൽപോലെ താഴ്ന്നുപറന്ന് കൊണ്ടിരുന്നു. ചൂളം വിളിക്കുന്ന കാറ്റും,പരന്നൊഴുകുന്ന നിലാവും അവളെയും ഒരുപക്ഷെ സാന്ത്വനിപ്പിക്കുന്നുണ്ടാവാം....

ഹരീഷ് മൂർത്തി 

story; neelimalayile swanthanapookkal

Next TV

Related Stories
#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

Nov 21, 2024 05:54 PM

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

പിറവത്തെ ചെറുകിട കർഷകരാണ് അവരുടെ ഉല്പന്നങ്ങൾ വിപണി വഴി...

Read More >>
# KuruvaSangam | എന്താണ് കുറുവസംഘം...?

Nov 21, 2024 02:51 PM

# KuruvaSangam | എന്താണ് കുറുവസംഘം...?

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത്...

Read More >>
 മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

Nov 16, 2024 12:22 PM

മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

ഇടത്ത് നേതാക്കളുമായി പങ്കു കച്ചവടം നടത്തി കോടികൾ സമ്പാദിച്ചു വെന്നും, ബന്ധുവായ വരെ ചെയ്ർപേഴ്സൺ ആവാൻ വഴിവിട്ട് സഹായിച്ചു വെന്ന ഗൗരവ കരമായ...

Read More >>
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
Top Stories