---
title: "#theft | സ്‌പായിൽ അതിക്രമിച്ചുകയറി ലക്ഷങ്ങളുടെ  മോഷണം; നാലുപേർ അറസ്റ്റിൽ"
english_title: "#Spa #break-in and #theft of #lakhs; Four #people were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212690/spa-break-in-and-theft-of-lakhs-four-people-were-arrested"
published_at: "2024-06-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666fbd1b02351_theft.jpg"
keywords: []
---

# #theft | സ്‌പായിൽ അതിക്രമിച്ചുകയറി ലക്ഷങ്ങളുടെ  മോഷണം; നാലുപേർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി :** സ്പായിൽ അതിക്രമിച്ചുകയറി ഉടമസ്ഥനെയും ജീവനക്കാരിയായ യുവതിയെയും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർന്ന നാൽവർസംഘം അറസ്റ്റിൽ.

## Article Content

**കൊച്ചി :** സ്പായിൽ അതിക്രമിച്ചുകയറി ഉടമസ്ഥനെയും ജീവനക്കാരിയായ യുവതിയെയും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർന്ന നാൽവർസംഘം അറസ്റ്റിൽ.

തൃശൂർ അയ്യന്തോൾ പൂന്തോൾ താണിക്കൽ ടി വി ആകാശ് (30), തൃശൂർ കിഴക്കുമുറി പെരിങ്ങോട്ടുകര അയ്യാന്തി എ വി രാഗേഷ് (39), തൃശൂർ ചാവക്കാട് പടൂർ മമ്മാശ്രമിലത്തുവീട്ടിൽ സിയാദ് (27), തൃശൂർ ആവണിശേരി പേരമംഗലം പി വി നിഖിൽ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്പായിൽ വ്യാഴം രാത്രി 11.30ഓടെയാണ് സംഭവം. കോളിങ് ബെൽ അടിച്ചപ്പോള്‍ വാതില്‍ തുറന്ന സ്പായുടെ ഉടമസ്ഥനെ അക്രമികൾ ഇരുമ്പുവടികൊണ്ട് തലയ്‌ക്കടിച്ചു.

ബഹളംകേട്ട്‌ ഓടിയെത്തിയ വനിതാ ജീവനക്കാരിയുടെ കഴുത്തിൽ കത്തിവച്ച്‌ ഭീഷണിപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തു.

സ്പായിലുണ്ടായിരുന്ന ഫോൺ, പണം, ഐ പാഡ്, ലാപ്‌ടോപ്, സ്മാർട്ട് വാച്ച്, സ്വർണാഭരണങ്ങൾ, സ്പാ ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാർ എന്നിവ തട്ടിയെടുത്ത് പ്രതികൾ കടന്നുകളഞ്ഞു.

സ്‌പാ ഉടമയുടെ പരാതിയിൽ എസ്എച്ച്ഒ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽനിന്ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു.

കേസിലെ രണ്ടാംപ്രതി രാഗേഷ് തൃശൂർ ജില്ലയിലുംമറ്റുമായി മോഷണം, വധശ്രമം ഉൾപ്പെടെ ഏതാണ്ട്‌ 46 കേസുകളിൽ പ്രതിയാണെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു. സിയാദ്‌ മുമ്പ്‌ പൊലീസിനുനേരെ കത്തിവീശിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212690/spa-break-in-and-theft-of-lakhs-four-people-were-arrested)