---
title: "#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍"
english_title: "#Locals #protested #against #taking #soil from the #mountain to fill the low-lying #areas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206314/locals-protested-against-taking-soil-from-the-mountain-to-fill-the-low-lying-areas"
published_at: "2024-05-20T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664abb6e51752_protest.jpg"
keywords: []
---

# #protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

> **Lead Summary:** പെരുമ്പാവൂർ : കല്ലിൽ ക്ഷേത്രത്തിനുസമീപം മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍.

## Article Content

പെരുമ്പാവൂർ : കല്ലിൽ ക്ഷേത്രത്തിനുസമീപം മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍.

മലമുകളിൽനിന്ന് മണ്ണെടുത്തപ്പോള്‍ മലയുടെ 200 അടി താഴെയുള്ള വീട്ടിലേക്ക് വലിയ പാറകൾ ഉരുണ്ടുവീണു. പനയ്ക്കല്‍വീട്ടില്‍ വർഗീസ് (85), ഭാര്യ മറിയാമ്മ (82) എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന വീടുകളും ഇവിടെയുണ്ട്.

കഴിഞ്ഞദിവസമുണ്ടായ മഴയിൽ മലമുകളിൽനിന്നുള്ള ചെളിമണ്ണും കല്ലുകളും അടുത്ത പറമ്പിലേക്കും തോട്ടിലേക്കും കല്ലിൽ ടെമ്പിൾ റോഡിലേക്കും വീണിരുന്നു.

മണ്ണെടുപ്പിനെതിരെ പഞ്ചായത്തിലും താലൂക്കിലും വില്ലേജിലും കുറുപ്പംപടി പൊലീസ് സ്റ്റേഷനിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സ്ഥലം ഉടമ കോഴിഫാം തുടങ്ങുന്നതിനുവേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പഞ്ചായത്ത് അനുമതി നൽകിയില്ല.

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206314/locals-protested-against-taking-soil-from-the-mountain-to-fill-the-low-lying-areas)