---
title: "#BioMedical | ബയോ മെഡിക്കൽമാലിന്യ സംസ്‌കരണം ; കുറഞ്ഞ നിരക്ക്‌  കൊച്ചിയിൽ"
english_title: "#Bio-Medical #Waste #Management; #Low #rate in #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204148/bio-medical-waste-management-low-rate-in-kochi"
published_at: "2024-05-09T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c793960fda_waste.jpg"
keywords: []
---

# #BioMedical | ബയോ മെഡിക്കൽമാലിന്യ സംസ്‌കരണം ; കുറഞ്ഞ നിരക്ക്‌  കൊച്ചിയിൽ

> **Lead Summary:** **കൊച്ചി : ** വീടുകളിൽനിന്ന്‌ ബയോ മെഡിക്കൽമാലിന്യം ശേഖരിച്ച്‌ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ ഏറ്റവും കുറച്ചു പണം ഈടാക്കുന്നത്‌ കൊച്ചി കോർപറേഷൻ.

## Article Content

**കൊച്ചി : ** വീടുകളിൽനിന്ന്‌ ബയോ മെഡിക്കൽമാലിന്യം ശേഖരിച്ച്‌ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ ഏറ്റവും കുറച്ചു പണം ഈടാക്കുന്നത്‌ കൊച്ചി കോർപറേഷൻ.

സമീപ മുനിസിപ്പൽ പ്രദേശങ്ങളിൽ കിലോയ്‌ക്ക്‌ 45 മുതൽ 56 രൂപവരെ ഈടാക്കുമ്പോൾ കൊച്ചി കോർപറേഷനിൽ 12 രൂപ മാത്രം. വീടുകളിലെത്തി മാലിന്യം ശേഖരിക്കാനുള്ള ചെലവുമാത്രമാണ്‌ കോർപറേഷൻ വാങ്ങുന്നത്‌.

സംസ്ഥാന സർക്കാരിനുകീഴിലെ കേരള എൻവിറോ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡി (കീൽ)ന്റെ സംവിധാനത്തിൽ സംസ്‌കരിക്കാനുള്ള ചെലവ്‌ കോർപറേഷനാണ്‌ വഹിക്കുന്നത്‌. കൊച്ചിയിൽ സാനിറ്ററി മാലിന്യ സംസ്‌കരണത്തിന്‌ ഉയർന്ന ഫീസ്‌ ഈടാക്കുന്നുവെന്ന്‌ ആരോപിച്ചുള്ള സ്വകാര്യ അന്യായം കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിച്ചിരുന്നു.

സാനിറ്ററി മാലിന്യ സംസ്‌കരണത്തിന്‌ അധികഫീസ്‌ ഈടാക്കുന്നത്‌ എന്തിനാണെന്നും കോടതി ആരാഞ്ഞു. നാപ്‌കിൻ, ഡയപ്പർ, രക്തവും മറ്റു സ്രവങ്ങളും അടങ്ങിയ തുണികൾ എന്നിവ ഉൾപ്പെടെയുള്ള ബയോ മെഡിക്കൽമാലിന്യം കഴിഞ്ഞ ജൂൺമുതലാണ്‌ കൊച്ചി കോർപറേഷൻ ഏർപ്പെടുത്തിയ സംവിധാനത്തിലൂടെ വീടുകളിലെത്തി ശേഖരിച്ച്‌ അമ്പലമുകളിലെ കീൽ സംവിധാനത്തിൽ സംസ്‌കരിച്ചു തുടങ്ങിയത്‌.

കൈയുറ ധരിച്ചും ആരോഗ്യസുരക്ഷാ മുൻകരുതലുകളോടെയുമാണ്‌ ഇവ വേർതിരിച്ച്‌ ശേഖരിക്കേണ്ടത്‌. അതിനാൽ നഗരത്തിലെ ഹരിതകർമസേനയ്‌ക്ക്‌ ബയോ മെഡിക്കൽമാലിന്യം ശേഖരിക്കാനാകില്ല. ശുചിത്വമിഷന്റെ ചുരുക്കപ്പട്ടികയിലുള്ള കമ്പനിയാണ്‌ ഇവ നിശ്ചിത ദിവസങ്ങളിൽ അതതു പ്രദേശങ്ങളിലെത്തി ശേഖരിക്കുന്നത്‌.

മാലിന്യശേഖരണത്തിന്‌ 54 രൂപയാണ്‌ കമ്പനി നിശ്ചയിച്ചിരുന്നത്‌. പ്രതിഷേധങ്ങളുയർന്നപ്പോൾ 12 രൂപയായി കുറച്ചു. ഇത്‌ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്നതിൽ ഏറ്റവും കുറഞ്ഞനിരക്കാണ്‌.

ബയോ മെഡിക്കൽമാലിന്യം ശാസ്‌ത്രീയമായി ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യണമെന്നതിനാൽ അതിനാവശ്യമായ സംവിധാനങ്ങൾക്ക്‌ ഫീസ്‌ ഒഴിവാക്കാനാകില്ലെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു.

കീൽ, സബ്‌സിഡി നൽകാത്തതിനാൽ ജിഎസ്‌ടി ഉൾപ്പെടെ ചെലവിന്റെ പ്രധാന പങ്ക്‌ കോർപറേഷനാണ്‌ വഹിക്കുന്നതെന്നും മേയർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204148/bio-medical-waste-management-low-rate-in-kochi)